ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ മണ്ഡലം ഉൾപ്പെടെ സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്റ്റേ മദ്രാസ് ഹൈകോടതി സെപ്റ്റംബർ 8 വരെ നീട്ടി. നിലവിലുള്ള തെരഞ്ഞെടുപ്പ് കേസുകളിൽ തീർപ്പുകൽപ്പിക്കുന്നത് വരെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈകോടതിയെ അറിയിച്ചതിന് പിന്നാലെയാണ് സ്റ്റേ ഉത്തരവ് നീട്ടിയത്. സ്റ്റേ നീക്കണമെന്ന സർക്കാരിന്റെ അപേക്ഷ കോടതി തള്ളുകയും ചെയ്തു.
ചീഫ് ജസ്റ്റിസ് എസ്.എ. ധർമ്മാധികാരി, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിൽ സെപ്റ്റംബർ 8-ന് അന്തിമ വാദം കേൾക്കുമെന്ന് അറിയിച്ച കോടതി, അതിനുള്ളിൽ കക്ഷികളോട് വാദമുഖങ്ങളും സത്യവാങ്മൂലങ്ങളും പൂർത്തിയാക്കാൻ നിർദേശിച്ചു.
തിരുച്ചി ഈസ്റ്റ്, വിരളിമലൈ, പെരുന്തുറൈ, അമ്പസമുദ്രം, കരൂർ എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിലാണ് കോടതി ഇടക്കാല സ്റ്റേ നീട്ടിയത്. തെരഞ്ഞെടുപ്പ് ഫലങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികൾ നിലനിൽക്കുന്നതിനാലാണ് കോടതി നടപടി. കൂടാതെ തെരഞ്ഞെടുപ്പ് പെറ്റിഷനുകൾ തീർപ്പാക്കുന്നതിന് മുമ്പ് ഉപതെരഞ്ഞെടുപ്പ് നടത്തിയാൽ അത് ഒരേ മണ്ഡലത്തിൽ രണ്ടുപേർ പ്രതിനിധീകരിക്കുന്നതുപോലെയുള്ള സങ്കീർണ്ണമായ സാഹചര്യങ്ങളിലേക്ക് നയിച്ചേക്കാമെന്ന് ഹരജിക്കാർ ചൂണ്ടിക്കാണിച്ചിരുന്നു.
പൊതുതെരഞ്ഞെടുപ്പിലൂടെ ഒരാളും ഉപതെരഞ്ഞെടുപ്പിലൂടെ മറ്റൊരാളും ഒരേ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അവസ്ഥ ഇത് സൃഷ്ടിക്കും. ജനവിധി പൂർണമായി കോടതിയുടെ പരിഗണനയിലിരിക്കെ ധൃതിപിടിച്ച് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാന ഖജനാവിന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ജനാധിപത്യ പ്രക്രിയയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി ഇടക്കാല സ്റ്റേ നൽകിയത്.
നേരത്തെ ജൂലൈ 10നാണ് ഇതേ ബെഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് ഇടക്കാല സ്റ്റേ ഏർപ്പെടുത്തിയത്. തുടർന്ന് ആഗസ്റ്റ് 24 വരെ നീട്ടിയ സ്റ്റേ ഉത്തരവാണ് തിങ്കളാഴ്ചത്തെ ഹരജി പരിഗണിച്ചുകൊണ്ട് കോടതി വീണ്ടും നീട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.