നെഹ്റു ഇന്ത്യയുടെ വികസനത്തിന്റെ സൂത്രധാരൻ; അദ്ദേഹത്തെ ഇകഴ്ത്തിക്കാട്ടി ജനകീയ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാനാണ് പ്രധാനമന്ത്രിയുടെ ശ്രമം -പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: വന്ദേമാതരത്തിന്റെ 150ാം വാർഷിക ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി എം.പി. പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സർക്കാർ ഈ വിഷയം ഉയർത്തിക്കാട്ടുന്നതെന്നും യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും പ്രിയങ്ക ആരോപിച്ചു. പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവിനെ ലക്ഷ്യം വെച്ചാണ് സംസാരിക്കുന്നത്. നെഹ്റുവിനെ അപമാനിക്കുന്ന കാര്യങ്ങൾ പട്ടികപ്പെടുത്താനും അത് ചർച്ച ചെയ്യാൻ ഒരു സമയം മാറ്റി വെക്കാനും അവർ നിർദേശിക്കുകയും ചെയ്തു. ജനങ്ങൾ തെരഞ്ഞെടുത്ത ഒരു ജോലിക്കായി ഈ പാർലമെന്റിന്റെ വിലയേറിയ സമയം ഉപയോഗപ്പെടുത്താമെന്നും അവർ ചൂണ്ടിക്കാട്ടി.

വന്ദേമാതരം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സജീവമായതിനാൽ പാർലമെന്റിൽ ചർച്ചക്ക് സാധ്യതയില്ലെന്നും അവർ വാദിച്ചു.

ബംഗാൾ തെരഞ്ഞെടുപ്പ് ഉടൻ വരുന്നതിനാലാണ് വന്ദേമാതരത്തെക്കുറിച്ച് ചർച്ച നടത്താൻ സർക്കാർ ആഗ്രഹിക്കുന്നത്. വർത്തമാനവും ഭാവിയും നോക്കാൻ ആഗ്രഹിക്കാത്തതിനാൽ ഭൂതകാലത്തിലേക്ക് നാം ആഴ്ന്നിറങ്ങണമെന്നാണ് സർക്കാർ ശഠിക്കുന്നതെന്നും അവർ പരിഹസിച്ചു. നമ്മുടെ രാജ്യം ഈ രീതിയിൽ വികസിച്ചതിന് പിന്നിൽ നെഹ്റുവാണ്. അദ്ദേഹം ഏറെ കാലം പ്രധാനമന്ത്രിപദവിയിൽ ചെലവഴിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ​നെഹ്റു കുറെ കാലം ജയിലിലും കഴിഞ്ഞു. അദ്ദേഹമാണ് ഐ.എസ്.ആർ.ഒ ആരംഭിച്ചത്. അന്നത് തുടങ്ങിയില്ലായിരുന്നു​വെങ്കിൽ മംഗൾ യാൻ ഉണ്ടാകുമായിരുന്നില്ല. അദ്ദേഹം ഡി.ആർ.ഡി.ഒ തുടങ്ങിയില്ലായിരുന്നുവെങ്കിൽ തേജസ് ഉണ്ടാകുമായിരുന്നില്ല. ഐ.ഐ.ടികളും ഐ.ഐ.എമ്മുകളും തുടങ്ങിയില്ലായിരുന്നുവെങ്കിൽ ഐ.ടി രംഗത്ത് ഇന്ത്യക്ക് ഇത്രത്തോളം മുന്നേറാൻ സാധിക്കില്ലായിരുന്നുവെന്നും പ്രിയങ്ക ഓർമപ്പെടുത്തി.

വന്ദേമാതരത്തെ തഴഞ്ഞതിന് പിന്നിൽ നെഹ്രുവിന്റെ മുസ്‍ലിം ലീഗിനോടുള്ള വിധേയത്വമാണെന്നായിരുന്നു മോദിയുടെ ആരോപണം. ദേശഭക്തി ഗാനത്തെ തിരുത്തുകയും അവഗണിക്കുകയും ചെയ്ത് കോൺഗ്രസ് സ്വാത​ന്ത്രസമര പോരാട്ടത്തിന്റെ ആത്മാവിനെ തന്നെ ഒറ്റിയെന്നും നരേന്ദ്രമോദി പറഞ്ഞു. ‘വന്ദേമാതരം’ രാജ്യത്തെ മുസ്‍ലിം വിഭാഗത്തിന്റെ വികാരങ്ങളെ പ്രകോപിപ്പിക്കുമെന്ന് നെഹ്‌റു വിശ്വസിച്ചിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു.

കോൺഗ്രസ് വന്ദേമാതരത്തിൽ വിട്ടുവീഴ്ച ചെയ്തുവെന്ന് മോദി പറഞ്ഞു. 1930 ഒക്ടോബർ 26ന് വന്ദേമാതരത്തെ തിരുത്തിയെഴുതി. ആ തീരുമാനം ഒരു പരാജയമായിരുന്നുവെന്നും മോദി പറഞ്ഞു. ‘അവർ ​മുസ്‍ലിം ലീഗിന് മുന്നിൽ തല കുനിച്ച് വന്ദേമാതരത്തെ തഴയാൻ തീരുമാനിച്ചു,’ മോദി കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യസമര കാലത്ത് വന്ദേമാതരം രാജ്യത്തിന് ശക്തിയും പ്രചോദനവും നൽകി. ‘അവർ 1950ൽ ബംഗാൾ വിഭജിക്കുമ്പോൾ വന്ദേമാതരം ഒരു പാറപോലെ നിന്നു. വന്ദേമാതരം ഇന്ത്യയുടെ ​സ്വയംപര്യാപ്തതയിലേക്കുള്ള പാതയായിരുന്നു. അന്നുകാലത്ത്, കപ്പൽ മുതൽ തീപ്പെട്ടിക്കൂട് വരെ വന്ദേമാതരം ആലേഖനം ചെയ്തിരുന്നു. ഇത് വിദേശ കമ്പനികൾക്കെതിരെ വെല്ലുവിളിയായും സ്വദേശി പ്രസ്ഥാനത്തിന്റെ മുദ്രാവാക്യമായും മാറി,’ മോദി പറഞ്ഞു.ഗാന്ധിജി വന്ദേമാതരത്തെ ദേശീയഗാനത്തോട് ഉപമിച്ചുവെങ്കിലും കോണ്‍ഗ്രസ് അതിനെ തരം താഴ്‌ത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Priyanka Gandhi's Dig At Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.