സംസ്ഥാനത്തെ എസ്.ഐ.ആർ നടപടികളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ കാണാൻ ഡൽഹിയിലെത്തിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി
ന്യൂഡൽഹി: പശ്ചിമബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കാനിരിക്കേ പേരിലെ വ്യത്യാസങ്ങൾക്കും അക്ഷരത്തെറ്റുകൾക്കും നോട്ടീസയച്ച്, യോഗ്യരായ അനേകം വോട്ടർമാരെ കൂട്ടത്തോടെ വെട്ടിമാറ്റാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കം തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജി സുപ്രീംകോടതിയിൽ. ഈ സാഹചര്യത്തിൽ കഴിഞ്ഞ വർഷം പുതുക്കിയ നിലവിലെ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ നിർദേശം നൽകണമെന്ന് മമത ബാനർജി ഹരജിയിൽ ബോധിപ്പിച്ചു. എസ്.ഐ.ആർ വോട്ടർമാർക്ക് യുദ്ധക്കളമാക്കി മാറ്റുകയാണ് തെരഞ്ഞെടുപ്പ് കമീഷൻ ചെയ്തത്.
പശ്ചിമബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. അതോടെ വോട്ടർ പട്ടിക പ്രായോഗികമായി മരവിപ്പിക്കും. തെരഞ്ഞെടുപ്പ് കമീഷൻ ഭരണഘടനാവിരുദ്ധമായും നിയമവിരുദ്ധമായും തിരക്കിട്ട് എടുത്ത നടപടിയുടെ ഫലമായി പരാതി പരഹരിക്കാനുള്ള സമയം കിട്ടാതെ അനേകം പേരുടെ വോട്ടവകാശം ഇല്ലാതാകുമെന്നും മമത ചൂണ്ടിക്കാട്ടി.
പേരിലെ വ്യത്യാസങ്ങൾക്കും അക്ഷരത്തെറ്റുകൾക്കും മറ്റും വോട്ടർമാരെ ഹിയറിങ്ങിന് വിളിക്കാൻ പാടില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണം. ഇത്തരം പിശകുകൾ ലഭ്യമായ രേഖകൾ വെച്ച് സ്വമേധയാ തിരുത്തുകയാണ് വേണ്ടത്. തിരിച്ചറിയൽ രേഖയായി കമീഷൻ ഉത്തരവിൽ പറഞ്ഞ എല്ലാ രേഖകളും അംഗീകരിക്കുകയും വേണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു.
ന്യൂഡൽഹി: എസ്.ഐ.ആർ കരടുപട്ടിക ഇറങ്ങിയതോടെ യഥാർഥ വോട്ടർമാർ അല്ലാത്തവരെ നീക്കം ചെയ്യാൻ സാധാരണഗതിയിൽ ഉപയോഗിക്കുന്ന ഫോം 7 ഉപയോഗിച്ച് ബി.ജെ.പി, ഉത്തർപ്രദേശിൽ വ്യാപകമായി വോട്ടുവെട്ടിമാറ്റുകയാണെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഇത്തരത്തിൽ വോട്ടുകൾ വെട്ടുന്നതിന്റെ തെളിവായുള്ള വിഡിയോ താൻ പുറത്തുവിട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രർത്തകരോട് പറഞ്ഞു. എസ്.ഐ.ആറിൽ ആളുകളെ കൂട്ടത്തോടെ വെട്ടിമാറ്റുന്നതിന്റെ തെളിവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ന്യൂഡൽഹിയിലെത്തി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ കാണുന്ന സാഹചര്യത്തിലാണ് അഖിലേഷ് യാദവിന്റെ പ്രതികരണം.
മരണം, ഇരട്ടിപ്പ് മുതലായ വസ്തുനിഷ്ഠമായ കാര്യങ്ങളിലെ എതിർപ്പ് അറിയിക്കാനുള്ളതാണ് 1960ലെ വോട്ടർ രജിസ്ട്രേഷൻ ചട്ടങ്ങളിലെ ഫോം-7. എന്നാൽ, ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതിൽ ആശങ്കയറിയിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തെരഞ്ഞെടുപ്പ് കമീഷന് കത്തെഴുതിയിരുന്നു. ഇത് തടയാതെ തെരഞ്ഞെടുപ്പ് നടത്തിയാൽ അതിന്റെ ഗുണം ബി.ജെ.പിക്ക് മാത്രമാകുമെന്നും പട്ടികജാതി, പട്ടികവർഗം, ന്യൂനപക്ഷം എന്നിവ ഉൾപ്പെടെയുള്ള വിഭാഗങ്ങളിലെ വോട്ടർമാരുടെയും മുതിർന്ന പൗരന്മാരുടെയും വോട്ടവകാശം നിഷേധിക്കപ്പെടുന്നതിൽ കലാശിക്കുകയും ചെയ്യുമെന്നും വേണുഗോപാൽ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.