സി.ജെ. റോയ്
ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ് ഉടമയും പ്രമുഖ വ്യവസായിയുമായ സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നു. റോയി ആത്മഹത്യ ചെയ്യാന്‍ നേരത്തേതന്നെ തീരുമാനിച്ചിരുന്നു എന്നു സൂചിപ്പിക്കുന്ന ഡയറിക്കുറിപ്പുകള്‍ പൊലീസ് കണ്ടെത്തിയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിക്ഷേപകരെ കൈവിടരുത്, ജീവനക്കാരെ കൂടെ നിര്‍ത്തണം, കുടുംബത്തോട് ക്ഷമ ചോദിക്കുന്നു, ബിസിനസില്‍ ആരാണ് പിന്‍ഗാമി എന്നും വിദേശത്തെ ബിസിനസില്‍ ചില പ്രശ്നങ്ങള്‍ ഉണ്ട് എന്നുമുള്ള വിവരങ്ങള്‍ അതില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, ഒമ്പത് പേജുള്ള ഒരു മരണക്കുറിപ്പും 20 പേജുള്ള ഒരു ഡയറിയും സംബന്ധിച്ച് കിംവദന്തികൾ പ്രചരിക്കുന്നുണ്ട് എന്നും അതു സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയാലോ അല്ലെങ്കിൽ അന്വേഷണത്തിനിടെ എന്തെങ്കിലും ഇലക്ട്രോണിക് തെളിവുകൾ ലഭിച്ചാലോ മാത്രമേ ഞങ്ങൾ അതിനെ മരണക്കുറിപ്പായി കണക്കാക്കൂ എന്നും അത്തരം രേഖകളെക്കുറിച്ച് ആരെങ്കിലും അടിസ്ഥാനരഹിതമായ പ്രചാരണങ്ങള്‍ ഉന്നയിച്ചാൽ ഞങ്ങൾ അതു പരിഗണിക്കില്ല എന്നും മുതിർന്ന എസ്.ഐ.ടി. ഉദ്യോഗസ്ഥൻ പറഞ്ഞു.
റെയ്ഡില്‍ പങ്കെടുത്ത എല്ലാ ആദായനികുതി ഉദ്യോഗസ്ഥരുടെയും മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ഉദ്യോഗസ്ഥര്‍ കര്‍ണാടക വിട്ടു പോകരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. റോയിയെ ഒരു മണിക്കൂര്‍ ചോദ്യം ചെയ്തു എന്നത് തെറ്റായ വിവരം ആണെന്നും രേഖകള്‍ പരിശോധിക്കുക മാത്രമാണ് ചെയ്തത് എന്നും ആദായ നികുതി ഉദ്യോഗസ്ഥര്‍ മൊഴി നല്കി. റോയിയെ സമ്മര്‍ദത്തിലാക്കുന്ന യാതൊരുവിധ പെരുമാറ്റവും തങ്ങള്‍ നടത്തിയിട്ടില്ലെന്നും റോയി അന്വേഷണത്തോട് സഹകരിച്ചിരുന്നെന്നും മൊഴിയിലുണ്ട്.
സംഭവ ദിവസം സി.ജെ. റോയ് ഓഫിസില്‍ എത്തിയതുമായി ബന്ധപ്പെട്ട് സുരക്ഷ ജീവനക്കാരും ഡയറക്ടറും നല്കിയ മൊഴികളില്‍ വൈരുധ്യമുണ്ട്. വെള്ളിയാഴ്ച മൂന്നിന് റോയ് ഓഫിസില്‍ എത്തി എന്നു ഡയറക്ടര്‍ പറയുമ്പോള്‍ രണ്ടിന് എത്തി എന്നാണ് സുരക്ഷാ ജീവനക്കാരന്റെ മൊഴി. ബന്ധുക്കളുടെയും ഓഫിസിലെ മറ്റ് ജീവനക്കാരുടെയും മൊഴി ഉടൻ രേഖപ്പെടുത്തും.
സാമ്പത്തിക ഇടപാടുകള്‍ റോയി കൃത്യമായി ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു. യു.എ.ഇയിലെ ബിസിനസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ റോയിയെ മനോസംഘര്ഷത്തിലാക്കിയിരുന്നു. 20 മിനിറ്റ് കാബിനില്‍ പോയിരുന്ന സമയം ഏതെങ്കിലും കാളുകള്‍ വന്നോ എന്നതും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കും.
തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ് ചെയർമാൻ സി.ജെ റോയിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണ കമീഷൻ അധ്യക്ഷനായി ഭരണഘടനാ കോടതിയിൽ ജഡ്ജിയായി പ്രവർത്തിച്ച ആളെ നിയമിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കണം. ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ പ്രോട്ടോകോൾ ലംഘനം ഉണ്ടായെന്നും, രണ്ട് സാക്ഷികൾ വേണമെന്നുണ്ടെന്നും ഇതുൾപ്പെടെ പാലിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
നടപടിക്രമം പാലിച്ചിട്ടുണ്ടെന്ന ഔദ്യോഗിക റിപ്പോർട്ടുകൾ പൊതുസമൂഹത്തിൽ വിശ്വാസ്യത ഉറപ്പാക്കാൻ പര്യാപ്തമല്ല. ആവശ്യപ്പെട്ട എല്ലാ രേഖകളും നൽകിയെന്ന് കുടുംബം പറഞ്ഞിട്ടുണ്ട്. എന്നിട്ടും മാനസികമായി പീഡിപ്പിക്കുന്നുവെന്ന് റോയ് പറഞ്ഞതായി കുടുംബം ചൂണ്ടിക്കാട്ടുന്നു. ഇത് ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നികുതി വെട്ടിപ്പ് ഗുരുതരമായ പ്രശ്നമാണെന്നും അത് തടയാൻ എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ടെന്നും പൂർണമായി സമ്മതിക്കുമ്പോൾ തന്നെ, സി.ജെ. റോയിയുടെ കാര്യത്തിൽ സംഭവിച്ചതുപോലെ വിലയേറിയ മനുഷ്യജീവിതം നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്ന ഒരു നടപടിയും പരിഷ്കൃത ജനാധിപത്യ സമൂഹത്തിൽ ന്യായീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു.
ന്യൂഡൽഹി: കോൺഫിഡന്റ് ഗ്രൂപ് ചെയർമാൻ സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ഹൈബി ഈഡൻ എം.പി തിങ്കളാഴ്ച ലോക്സഭ സ്പീക്കർക്ക് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കേന്ദ്ര സർക്കാറിന്റെ ഏജൻസികളുടെ നീണ്ട പീഡനം, നിർബന്ധിത ചോദ്യം ചെയ്യൽ, തുടർച്ചയായ സമ്മർദം എന്നിവയെ തുടർന്ന് ബിസിനസുകാർ ആത്മഹത്യ ചെയ്തതായി ആരോപിക്കപ്പെടുന്ന നിരവധി കേസുകൾ ബി.ജെ.പി ഭരണകാലത്ത് രാജ്യത്തുടനീളം ഉണ്ടായിട്ടുണ്ടെന്നും എം.പി ചൂണ്ടിക്കാട്ടി.
കിറ്റെക്സ് ഗാർമെന്റ്സിന്റെ മാനേജിങ് ഡയറക്ടറും ട്വന്റി20 പാർട്ടിയുടെ പ്രസിഡന്റുമായയാൾ എൻ.ഡി.എയിൽ ചേർന്നത് ഇ.ഡി പരിശോധനയിൽനിന്ന് രക്ഷപ്പെടാനാണെന്ന ആക്ഷേപമുയർന്നിട്ടുണ്ട്. രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന ധാരണയെ ഇത്തരം സംഭവങ്ങൾ ശക്തിപ്പെടുത്തുന്നുവെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.