ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ഇന്ത്യ-യു.എസ് വ്യാപാര കരാറിൽ തീരുമാനമാകുകയും റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുകയും യു.എസിൽനിന്ന് കുടുതൽ എണ്ണ വാങ്ങുകയും ചെയ്യുമെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തതിൽ കടുത്ത വിമർശനവുമായി പ്രതിപക്ഷം. പ്രധാനമന്ത്രി ട്രംപിന് കീഴടങ്ങി എന്ന് കോൺഗ്രസ് വിമർശിച്ചു.
ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കുന്നതായി അമേരിക്കയിൽനിന്ന് ട്രംപാണ് പ്രഖ്യാപിച്ചത്. റഷ്യയിൽനിന്നും വെനിസ്വേലയിൽ നിന്നുമുള്ള ഇന്ത്യയുടെ എണ്ണ വാങ്ങലുകളെക്കുറിച്ചും ട്രംപാണ് പറഞ്ഞത് ഇപ്പോൾ ഈ വ്യാപാര കരാറിനെക്കുറിച്ചും ട്രംപാണ് പറയുന്നത്. പ്രധാനമന്ത്രി മോദിയുടെ മേൽ പ്രസിഡന്റ് ട്രംപിന് വ്യക്തമായ സ്വാധീനമുണ്ടെന്ന് തോന്നുന്നു. മിസ്റ്റർ മോദി ഒടുവിൽ കീഴടങ്ങിയതായി തോന്നുന്നു... -കോൺഗ്രസ് നേതാവ് ജയ്റാം രമേശ് കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും ഇന്ന് പരസ്പരം സംസാരിച്ചതായി കരുതുന്നു. ഈ വിവരങ്ങൾ ഇന്ത്യയുടെ ഭാഗത്തുനിന്ന് ലഭിച്ചതല്ല, മറിച്ച് ഇന്ത്യയിലെ യു.എസ് അംബാസഡറാണ് നൽകിയത്. ഇപ്പോൾ ഇത് ഒരു പതിവായിട്ടുണ്ട്. പ്രസിഡന്റ് ട്രംപിൽ നിന്നോ അദ്ദേഹം നിയമിച്ചവരിൽ നിന്നോ മാത്രമേ ഇന്ത്യാ സർക്കാറിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ കഴിയൂ -അദ്ദേഹം വിമർശിച്ചു.
മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ശേഷം ഇന്ത്യ-യു.എസ് വ്യാപാര കരാറായതായി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ് അറിയിച്ചത്. നരേന്ദ്ര മോദിയോട് തിങ്കളാഴ്ച ഫോണിൽ സംസാരിച്ചുവെന്നും ട്രംപ് തന്‍റെ സമൂഹമാധ്യമത്തിൽ എഴുതുകയായിരുന്നു. ട്രംപ്-മോദി സംഭാഷണം ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യക്കുമേൽ ചുമത്തിയ 25 ശതമാനം പകരത്തീരുവ 18 ശതമാനമാക്കി താഴ്ത്തിയെന്ന് ട്രംപ് അറിയിച്ചു. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്നും യു.എസിൽനിന്ന് കുടുതൽ എണ്ണ വാങ്ങുകയും ചെയ്യുമെന്നും ട്രംപ് അറിയിച്ചു. ഇന്ത്യയുടെ ഇറക്കുമതി നികുതി പൂജ്യത്തിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് അറിയിച്ചു.
രണ്ടാമതും അധികാരത്തിൽവന്ന ട്രംപ് വ്യാപാരയുദ്ധത്തിന്റെ ഭാഗമായി ഇന്ത്യക്കുമേൽ 25 ശതമാനമാണ് ഇറക്കുമതി തീരുവ ഏർപ്പെടുത്തിയത്. റഷ്യൻ എണ്ണ വാങ്ങുന്നതിനെതിരെ 25 ശതമാനം അധികമായി പിഴത്തീരുവയും ഏർപ്പെടുത്തിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം വഷളായത്. വിവിധ തലങ്ങളിൽ ചർച്ച നടന്നുവെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ, യൂറോപ്യൻ യുനിയനുമായും ഏതാനും യൂറോപ്യൻ രാജ്യങ്ങളുമായും ഇന്ത്യ വ്യാപാര കരാറിൽ ഏർപ്പെട്ടുകൊണ്ടിരിക്കെയാണ് ട്രംപിന്റെ പ്രഖ്യാപനം.
യു.എസിൽനിന്നുള്ള ഇറക്കുമതി വർധിപ്പിക്കാൻ മോദി സമ്മതിച്ചുവെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. ഇതുവഴി 50,000 കോടി ഡോളറിന്റെ അധിക വ്യാപാരം നടക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. ഇന്ത്യൻ കയറ്റുമതി ഉൽപന്നങ്ങൾക്ക് നേരത്തെ 50 ശതമാനം വരെ ഉയർന്നിരുന്ന നികുതിയാണ് ഇപ്പോൾ 18 ശതമാനമായി കുറച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.