(പ്രതീകാത്മക ചിത്രം)
ബറേലി: ആർ.എസ്.എസിന്റെ വിദ്യാഭാരതിയുടെ ശാഖയായ സരസ്വതി ശിശു വിദ്യാ മന്ദിറിൽ ഡോ. ഭീം റാവു അംബേദ്കറുടെ ഫോട്ടോയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് 42 വയസ്സുള്ള സ്‌കൂൾ പ്രിൻസിപ്പലിനെ ഒരു കൂട്ടം പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ ഓടിച്ചിട്ട് മർദ്ദിച്ചു. ഉത്തർ പ്രദേശിലെ മൊറാദാബാദ് ജില്ലയിലെ ബിലാരി പ്രദേശത്തെ അലിയാബാദ് ഗ്രാമത്തിലാണ് സംഭവം.
സ്കൂൾ പ്രിൻസിപ്പൽ അശോക് കുമാർ സൂര്യവംശി, ചുമരിൽ ഒട്ടിച്ചിരുന്ന ഡോ. ഭീംറാവു അംബേദ്കറുടെ ചിത്രം വലിച്ചുകീറിയെന്നും ദലിത് വിദ്യാർഥികൾക്കെതിരെ ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചെന്നുമാണ് ഗ്രാമവാസികൾ പറയുന്നത്. ഇക്കാര്യം അറിഞ്ഞതോടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ സംഘം സ്കൂളിൽ കയറി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തെത്തുടർന്ന്, വിദ്യാഭാരതിയുമായി ബന്ധപ്പെട്ട അധ്യാപകരും ആർ.എസ്.എസ് പ്രവർത്തകരും സ്കൂളിൽ യോഗം ചേർന്ന് ആക്രമണത്തെ അപലപിച്ചു. അക്രമം നടത്തിയ ആൺകുട്ടികൾ സരസ്വതി ശിശു വിദ്യാ മന്ദിറിൽ നിന്നുള്ളവരല്ലെന്നാണ് അധികൃതർ പറയുന്നത്.
സംഭവത്തിൽ അഞ്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ, പൊലീസിന്‍റേത് പക്ഷപാതപരമായ നടപടിയാണിതെന്ന് ഇവരുടെ ബന്ധുക്കൾ പറയുന്നു. ഇതോടെ സ്കൂളിൽ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.