മമത ബാനർജി
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ അഹങ്കാരിയെന്നും നുണയനെന്നും വിളിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ കടുത്ത വിമർശനം. ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമീഷന്റെ ആസ്ഥാനത്തെത്തി ഗ്യാനേഷ് കുമാറിനെ കണ്ടശേഷമാണ് മമതയുടെ പ്രതികരണം. പശ്ചിമ ബംഗാളിൽ എസ്.ഐ.ആർ വിവേചനപരവും രാഷ്ട്രീയ പ്രേരിതവുമായാണ് നടത്തുന്നതെന്ന് അവർ ആരോപിച്ചു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ അഖിലന്ത്യ തൃണമൂൽ പ്രതിനിധി സംഘം ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറുമായി കൂടിക്കാഴ്ച നടത്തിയ മമത എസ്.ഐ.ആർ സംബന്ധിച്ച പ്രശ്നങ്ങളാണ് ഉന്നയിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുമായുള്ള കൂടിക്കാഴ്ചക്കുശേഷം തനിക്ക് നിരാശയാണ് ഉണ്ടായതെന്ന് വാർത്തലേഖകരോട് അവർ പറഞ്ഞു. താൻ വർഷങ്ങളായി രാഷ്ട്രീയത്തിലുണ്ടെന്നും മന്ത്രിയായും ഏഴുതവണ എം.പിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ടെന്നും എന്നാൽ, ഇത്ര അഹങ്കാരിയും നുണയനുമായ ഒരു തെരഞ്ഞെടുപ്പ് കമീഷണറെ ഇതിനുമുമ്പ് കണ്ടിട്ടില്ലെന്നും മമത പറഞ്ഞു.
ബംഗാളിലെ എസ്.ഐ.ആർ വിഷയത്തിൽ തിങ്കളാഴ്ച പാർലമന്റിൽ തൃണമൂൽ കോൺഗ്രസ് എം.പിമാരുടെ പ്രതിഷേധമുണ്ടായി. ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയതോടെയാണ് തൃണമൂൽ അംഗങ്ങൾ നടുത്തളത്തിലേക്ക് ഇറങ്ങിയത്. സമാദ്വാദി പാർട്ടി അംഗങ്ങളും പിന്തുണച്ച് നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ സ്പീക്കർ വിളിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ച് ഇരിപ്പിടത്തിലേക്ക് മടങ്ങിയത്.
അതേസമയം, നിയമപരമായ ചട്ടങ്ങൾ നിലനിൽക്കുമെന്നും നിയമം കൈയിലെടുക്കുന്നവരെ നിയമത്തിലെ വ്യവസ്ഥകളും കമീഷനിൽ നിക്ഷിപ്തമായ അധികാരത്തിനും അനുസൃതമായി കർശനമായി നേരിടുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ മമതയെ അറിയിച്ചെന്നാണ് കമീഷൻ പറഞ്ഞത്.തൃണമൂൽ എം.എൽ.എമാർ കമീഷനെ പരസ്യമായി അസഭ്യം പറയുകയും പ്രത്യേകിച്ച്, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ ഭീഷണിയുടെ ഭാഷ പ്രയോഗിക്കുകയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്ന് കമീഷൻ ആരോപിച്ചു. ടി.എം.സി പ്രവർത്തകരും എം.എൽ.എമാരും ഇ.ആർ.ഒ ഓഫിസ് ആക്രമിച്ച സംഭവങ്ങളും ഉണ്ടായി. എസ്.ഐ.ആർ പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ സമ്മർദമോ തടസ്സമോ ഇടപെടലോ വരുത്താൻ പാടില്ല. ബി.എൽ.ഒമാർക്കുള്ള ഓണറേറിയം യഥാസമയം നൽകണം. 18,000 രൂപ നൽകേണ്ടിടത്ത് 7000 രൂപ മാത്രമാണ് നൽകിയിരിക്കുന്നതെന്നും കമീഷൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.