ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടക, തെലങ്കാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും. മേയ് 10,11 തിയതികളിലാണ് സന്ദർശനം. ഹൈദരാബാദിൽ ഏകദേശം 9,400 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന മോദി ഗുജറാത്തിൽ സോമനാഥ ക്ഷേത്രത്തിലെ സോമനാഥ അമൃത് മഹോത്സവത്തിലും പങ്കെടുക്കും.
മേയ് 10 ന് ബംഗളൂരുവിലെ ആർട്ട് ഓഫ് ലിവിംഗ് അന്താരാഷ്ട്ര കേന്ദ്രത്തിൽ പുതുതായി നിർമ്മിച്ച ധ്യാനമന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം മാനസികാരോഗ്യം, ഗ്രാമീണ വികസനം, പ്രകൃതി സംരക്ഷണം, സാമൂഹിക പരിവർത്തനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാജ്യവ്യാപകമായ പദ്ധതികൾക്കും തുടക്കം കുറിക്കും.
തെലങ്കാന സന്ദർശനത്തിൽ ഹൈദരാബാദിലെ അത്യാധുനിക കാൻസർ ചികിത്സാ കേന്ദ്രമായ സിന്ധു ഹോസ്പിറ്റൽ രാജ്യത്തിന് സമർപ്പിക്കും. ഹൈദരാബാദ്-പനാജി ഇക്കണോമിക് കോറിഡോറിന്റെ ഭാഗമായ NH-167 (ഗുഡെബെല്ലൂർ-മഹബൂബ് നഗർ) നാലുവരിപ്പാതക്ക് മോദി തറക്കല്ലിടും. 3,175 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി യാഥാർഥ‍്യമാകുന്നതോടെ പാതയിലെ യാത്രാസമയം ഒന്നരമണിക്കൂർ കുറയുമെന്നാണ് വിലയിരുത്തൽ. സന്ദർശനവേളയിൽ കാകതീയ മെഗാ ടെക്സ്റ്റൈൽ പാർക്ക് എന്നറിയപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ പൂർണ്ണ സജ്ജമായ പി.എം മിത്ര പാർക്ക്, 600 കോടി ചിലവിലുള്ള ഇന്ത്യൻ ഓയിലിന്റെ മൽക്കാപ്പൂർ ടെർമിനൽ പദ്ധതി എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
മേയ് പത്തിന് രാത്രിയോടെ ഗുജറാത്തിലെ ജാംനഗറിൽ എത്തുന്ന മോദി സന്ദർശനവേളയിൽ വിവധ പൊതുസമ്മേളനങ്ങൾ അഭിസംഭോദന ചെയ്യും. സോമനാഥ അമൃത് മഹോത്സവത്തിന് ശേഷം വൈകുന്നേരം ആറ് മണിക്ക് വഡോദരയിൽ 2,000 വിദ്യാർഥികൾക്കുള്ള സർദാർധാം ഹോസ്റ്റലും ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.