രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്യുന്നു

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പുരോഗമിക്കുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പാർലമെന്‍റ് മന്ദിരത്തിലും സംസ്ഥാന നിയമസഭ മന്ദിരങ്ങളിലും പുരോഗമിക്കുന്നു. 4809 എം.പിമാർക്കും എം.എൽ.എമാർക്കുമാണ് വോട്ടവകാശം. ദ്രൗപദി മുർമുവാണ് എൻ.ഡി.എ സ്ഥാനാർഥി. പ്രതിപക്ഷ പൊതുസ്ഥാനാർഥി യശ്വന്ത് സിൻഹയും.

രാവിലെ 10ന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ചിന് അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്‍റ് മന്ദിരത്തിലെ 63ാം മുറിയിൽ വോട്ട് രേഖപ്പെടുത്തി. പിണറായി വിജയൻ, എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള മുഖ്യമന്ത്രിമാരും നിയമസഭയിലെ വോട്ടിങ് റൂമിലെത്തി വോട്ട് രേഖപ്പെടുത്തി. എം.പിമാർക്ക് പച്ചനിറത്തിലും എം.എൽ.എമാർക്ക് പിങ്ക് നിറത്തിലുമുള്ള ബാലറ്റുകളാണ് ലഭിക്കുക. വയലറ്റ് മഷിയുള്ള പ്രത്യേകം രൂപകൽപന ചെയ്ത പേനയാണ് വോട്ട് ചെയ്യാൻ ഉപയോഗിക്കുക.


വോട്ടെണ്ണൽ 21നും രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ ജൂലൈ 25നും നടക്കും. ഒഡിഷയിലെ ബിജു ജനതാദൾ, ആന്ധ്രപ്രദേശിലെ വൈ.എസ്.ആർ കോൺഗ്രസ്, ടി.ഡി.പി, ബി.എസ്.പി, ശിവസേന, ഝാർഖണ്ഡ് മുക്തി മോർച്ച, ശിരോമണി അകാലിദൾ തുടങ്ങി എൻ.ഡി.എ ഘടകകക്ഷികളല്ലാത്ത പാർട്ടികളുടെ വോട്ടുകൂടി ഉറപ്പിച്ച ദ്രൗപദി മുർമു 60 ശതമാനത്തിലേറെ വോട്ടുറപ്പിച്ചു കഴിഞ്ഞു.

അതേസമയം, പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹ മനഃസാക്ഷി നോക്കി തനിക്ക് വോട്ടു ചെയ്യാൻ എല്ലാ എം.പിമാരോടും എം.എൽ.എമാരോടും ഞായറാഴ്ച അഭ്യർഥിച്ചിരുന്നു.

വോട്ടുമൂല്യം കൂടുതൽ യു.പിയിൽ, കുറവ് സിക്കിമിൽ

ന്യൂഡൽഹി: തിങ്കളാഴ്ച നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി പാർലമെന്റും സംസ്ഥാന നിയമസഭകളും ഒരുങ്ങി. എം.എൽ.എമാരുടെ വോട്ടുമൂല്യം ഏറ്റവും കൂടുതൽ ഉത്തർപ്രദേശിലാണ്. ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനമായ സിക്കിമിലാണ് കുറവ് വോട്ടുമൂല്യം.

യു.പിയിൽ 403 നിയമസഭാംഗങ്ങൾക്ക് ഒരാൾക്ക് 208 ആണ് വോട്ടുമൂല്യം. 176 വീതം വോട്ടുമൂല്യമുള്ള തമിഴ്നാടും ഝാർഖണ്ഡും തൊട്ടുപിറകിലുണ്ട്. മഹാരാഷ്ട്ര (175), ബിഹാർ (173), ആന്ധ്രപ്രദേശ് (159) എന്നിവയാണ് കൂടുതൽ വോട്ടുമൂല്യമുള്ള മറ്റ് സംസ്ഥാനങ്ങൾ. സിക്കിമിൽ ഒരു അംഗത്തിന്റെ വോട്ടുമൂല്യം ഏഴ് ആണ്. അരുണാചൽ പ്രദേശ് (എട്ട്), മിസോറാം (എട്ട്), നാഗാലാൻഡ് (ഒമ്പത്) എന്നിങ്ങനെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളാണ് തൊട്ടടുത്തുള്ളത്.

1971 സെൻസസ് പ്രകാരമുള്ള ജനസംഖ്യ അടിസ്ഥാനമാക്കിയാണ് ഓരോ സംസ്ഥാനത്തിന്റെയും വോട്ടുമൂല്യം നിർണയിക്കുന്നത്. എന്നാൽ പാർലമെന്റ് അംഗങ്ങൾക്ക് 700 എന്ന ഉയർന്ന മൂല്യമാണ് കണക്കാക്കിയിരിക്കുന്നത്. പാർലമെന്റിലെ ഇരുസഭകളിലേയും സംസ്ഥാന നിയമസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ അടങ്ങുന്നതാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ഇലക്ടറൽ കോളജ്

Tags:    
News Summary - Presidential election today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.