അഴിമതിക്കേസുകളിൽ പ്രാഥമിക അന്വേഷണം നിർബന്ധമല്ല -സുപ്രീംകോടതി

ന്യൂഡൽഹി: അഴിമതി നിരോധന നിയമപ്രകാരമുള്ള എല്ലാ കേസിലും പ്രാഥമിക അന്വേഷണം നിർബന്ധമല്ലെന്നും പ്രതികളുടെ അവകാശമല്ലെന്നും സുപ്രീംകോടതി. ചില കേസുകളിൽ പ്രാഥമിക അന്വേഷണം അഭികാമ്യമാണ്. എന്നാൽ, കേസ് രജിസ്റ്റർ ചെയ്യുന്നതിന് നിർബന്ധമല്ലെന്ന് കോടതി പറഞ്ഞു.

പ്രാഥമികാന്വേഷണത്തിന്റെ ലക്ഷ്യം ലഭിച്ച വിവരങ്ങളുടെ ആധികാരികത പരിശോധിക്കലല്ലെന്നും കുറ്റമുണ്ടോ എന്ന് പരിശോധിക്കൽ മാത്രമാണെന്നും ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. 2024 മാർച്ചിലെ കർണാടക ഹൈകോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി.

കർണാടക ലോകായുക്ത പൊലീസ് സ്‌റ്റേഷനിൽ പൊതുപ്രവർത്തകനെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് ഹൈകോടതി റദ്ദാക്കിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തുന്നതിൽ വീഴ്ച വരുത്തിയതിന്റെ പേരിലായിരുന്നു ഹൈകോടതി ഉത്തരവ്. പ്രാഥമിക അന്വേഷണം നിർബന്ധമാണോ അതോ എഫ്.ഐ.ആർ പരിഗണിക്കാമോ എന്ന വിഷയമാണ് സുപ്രീംകോടതി പരിഗണിച്ചത്.ഓരോ കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും അനുസരിച്ച് പ്രാഥമിക അന്വേഷണം വേണമോ വേണ്ടയോ എന്ന തീരുമാനത്തിൽ വ്യത്യാസമുണ്ടാകുമെന്ന് കോടതി പറഞ്ഞു.

അഴിമതിക്കേസുകളിൽ അന്വേഷണ ഏജൻസിക്കുമേൽ അനാവശ്യമായ വിലങ്ങുതടികൾക്കൊപ്പം അവയെ നിർവീര്യമാക്കാനും സാധ്യതയുള്ളതിനാൽ ഹൈകോടതി ഗുരുതര പിഴവ് വരുത്തിയെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Tags:    
News Summary - Preliminary investigation not mandatory in corruption cases - Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.