ആഗ്ര: യു.പിയിലെ ഫിറോസാബാദിൽ എട്ടുമാസം ഗർഭിണിയായ യുവതി ട്രക്ക് കയറി മരിച്ചു, വയറ്റിലുള്ള കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. നവജാത ശിശു ആരോഗ്യവതിയാണെന്നും പ്രാഥമിക ചികിത്സ മാത്രമാണ് ആവശ്യമുള്ളതെന്നും ഫിറോസാബാദ് ജില്ല ആശുപത്രിയിലെ ഡോക്ടർ അറിയിച്ചു.
ബർത്താര ഗ്രാമത്തിലാണ് അപകടം. ആഗ്ര സ്വദേശിനിയായ കാമിനിയാണ് (26) ട്രക്ക് കയറി മരിച്ചത്. ഇരുചക്രവാഹനത്തിൽ ഭർത്താവ് രാമുവിനൊപ്പം രക്ഷിതാക്കളുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. എതിർദിശയിൽനിന്ന് വരുന്ന കാറിൽ ഇടിക്കാതിരിക്കാൻ ഭർത്താവ് പെട്ടെന്ന് ബ്രേക്കിട്ടതോടെ ബൈക്കിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു. പിന്നാലെ റോഡിൽ വീണ കാമിനിയുടെ ശരീരത്തിലൂടെ പിന്നിൽനിന്ന് വന്ന ട്രക്ക് കയറിയിറങ്ങിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഉടൻതന്നെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ രക്ഷപ്പെടുത്തി. ഭർത്താവിന്‍റെ പരാതിയിൽ കേസെടുത്തതായും ട്രക്ക് ഡ്രൈവറെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.