കടവുളേ.. അമ്മാവേ.. കാപ്പാത്ത്... തമിഴകത്തിന്‍െറ പ്രാര്‍ഥനക്ക് ഒരു മാസം

ചെന്നൈ: മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായിട്ട് ഒരുമാസം തികയുന്നു. അണ്ണാഡി.എം.കെ പ്രവര്‍ത്തകര്‍ നിരന്തര പ്രാര്‍ഥനയിലാണ്. ചെയ്യാത്ത പൂജയില്ല. എത്തിപ്പെടാത്ത ആരാധനാലയങ്ങളുമില്ല...പളനിയിലും തിരുപ്പതിയിലും വേളാങ്കണ്ണിയിലും ഗുരുവായൂരും ശബരിമലയിലും മുസ്ലിം ദര്‍ഗകളിലും അവര്‍ തൊഴുകൈകളുമായി എത്തി. ചടങ്ങുകള്‍ക്ക് കോടിക്കണക്കിന് രൂപയാണ് ചെലവായത്.

ജയലളിതയെ ചികിത്സിക്കുന്ന അപ്പോളോ ആശുപത്രിക്ക് മുന്നില്‍ വീടും ജോലിയുമെല്ലാ ഉപേക്ഷിച്ച് പൂജയും പ്രാര്‍ഥനയുമായി പ്രവര്‍ത്തകര്‍ തമ്പടിച്ചിരിക്കുകയാണ്. 20 വര്‍ഷമായി അണ്ണാഡി.എം.കെ പ്രവര്‍ത്തകനായ ജി. സുകുമാര്‍ ഒരുമാസമായി തന്‍െറ ഓട്ടോറിക്ഷ സൗജന്യമായി ഓടിക്കുകയാണ്. ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തുന്ന ഇദ്ദേഹം ഒരുമാസമായി രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് വരെ ആര് വാടകക്ക് വിളിച്ചാലും പണം ഈടാക്കില്ല. ആശുപത്രി പരിസരം കേന്ദ്രീകരിച്ചാണ് സര്‍വിസ്. ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന യാത്രക്കാരോട് തലൈവിക്കായി പ്രാര്‍ഥിക്കണമെന്ന അഭ്യര്‍ഥന മാത്രം.  

‘അമ്മ തിരിച്ചത്തെിയാല്‍ എല്ലാത്തിനും പരിഹാരമാകു’മെന്ന് ആശുപത്രിക്ക് മുന്നില്‍ നിറകണ്ണുകളോടെ കാത്തിരിക്കുന്ന കാഞ്ചീപുരത്തെ മുനിസാമി പറയുന്നു. വാണിയമ്പാടി സ്വദേശി ടെയ്ലര്‍ ജലാല്‍ ബായ് (60), ചെന്നൈയിലെ മാര്‍ക്കറ്റിങ് കമ്പനിയില്‍ ജോലി നോക്കുന്ന സുരേഷ് ബാബു (41), വനിതാ വിഭാഗം പ്രവര്‍ത്തക ലിലി കല്‍പന (45) എന്നിവര്‍ ദിവസങ്ങളായി ആശുപത്രി പരിസരത്ത് തങ്ങുന്നു. ടെയ്ലറിങ് കട അടച്ചിട്ടാണ് ജലാല്‍ 20 ദിവസമായി ആശുപത്രി പരിസരത്ത് തങ്ങുന്നത്. വൈകുന്നേരം എം.എല്‍.എ ഹോസ്റ്റലിലെ ഇടനാഴിയിലാണ് ഉറക്കം. രാവിലെ ഓഫിസിലത്തെി മടങ്ങുന്ന ബാബു മൊബൈല്‍ ഫോണിലൂടെ മാര്‍ക്കറ്റിങ് ജോലി നിര്‍വഹിക്കുന്നത് ആശുപത്രി പരിസരത്തു നിന്നാണ്.

വിവിധ മതങ്ങളുടെ വിശേഷ ദിവസങ്ങളില്‍ ആശുപത്രി പരിസരത്ത് തുടര്‍ച്ചയായ പ്രാര്‍ഥനയുണ്ടാകും. കഴിഞ്ഞദിവസം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ മൂന്നു ദിവസം വ്രതം അനുഷ്ഠിച്ച് നമസ്കാരവും പ്രാര്‍ഥനകളുമായി കഴിഞ്ഞുകൂടി. ഹൈന്ദവ ആചാരമായ മണ്‍ചോറ് കഴിക്കാന്‍ ദിവസവും പാര്‍ട്ടി നേതാക്കള്‍ എത്തും. ചോറ് മണ്ണില്‍ കുഴച്ച് കഴിച്ചാല്‍ ഏത് ദൈവവും കടാക്ഷിക്കുമെന്നാണ് വിശ്വാസം. ഇതിനിടെ ചില യുവാക്കള്‍ ബിരിയാണി മണ്ണില്‍ കുഴച്ച് കഴിക്കുന്നുണ്ട്.

മന്ത്രിമാരും എം.എല്‍.എമാരും മത്സരിച്ചാണ് പൂജ സംഘടിപ്പിക്കുന്നത്. എം.എല്‍.എമാരുടെ നേതൃത്വത്തില്‍ മണ്ഡലങ്ങളിലെ പ്രധാന അമ്മന്‍കോവിലുകളില്‍ പാല്‍ക്കുടമേന്തിയുള്ള അഭിഷേകത്തിനായി കിലോമീറ്ററുകളാണ് സ്ത്രീകള്‍ നടന്നത്തെുന്നത്. മധുര തിരുപറന്‍കുണ്ട്രത്തും ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗറിലും നടന്ന ചടങ്ങില്‍ അമ്പതിനായിരം സ്ത്രീകള്‍ പങ്കെടുത്തു.

കഴിഞ്ഞമാസം 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലണ്ടനില്‍നിന്നുള്ള അടിയന്തര ചികിത്സാ വിദഗ്ധരുടെയും എയിംസ് ഡോക്ടര്‍മാരുടെയും ദൈനംദിന നിരീക്ഷണത്തില്‍ കഴിയുന്ന ജയലളിതയുടെ ആരോഗ്യം മെച്ചപ്പെട്ടതായി സൂചനയുണ്ട്.

Tags:    
News Summary - pray for jayalalitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.