പ്രവാസി സര്‍വകലാശാല: മന്‍മോഹന്‍െറ പ്രഖ്യാപനം മോദി ഉപേക്ഷിച്ചു

ന്യൂഡല്‍ഹി: പ്രവാസികളുടെ മക്കളുടെ പഠനത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രവാസി സര്‍വകലാശാല യാഥാര്‍ഥ്യമാകില്ല. പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും ഉപേക്ഷിച്ചുവെന്ന് കേന്ദ്ര പ്രവാസികാര്യ സെക്രട്ടറി ജ്ഞാനേശ്വര്‍ എം. മുളെ പറഞ്ഞു.

പ്രവാസി ദിവസ് സമ്മേളനം വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായാണ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് വയലാര്‍ രവി പ്രവാസികാര്യ മന്ത്രിയായിരിക്കെയാണ് പ്രവാസി സര്‍വകലാശാലയെന്ന ആശയം ഉയര്‍ന്നുവന്നത്. പ്രവാസികളുടെ മക്കള്‍ക്ക് നാട്ടില്‍ പഠനത്തിന് വേണ്ടത്ര അവസരങ്ങളില്ളെന്ന പരാതിയെ തുടര്‍ന്നായിരുന്നു ഇത്. അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഇതുസംബന്ധിച്ച് 2008 പ്രവാസി ദിവസ് സമ്മേളനത്തില്‍ പ്രഖ്യാപനവും നടത്തി.

എന്നാല്‍, ഇതുസംബന്ധിച്ച് നടപടികള്‍ മുന്നോട്ടുപോയെങ്കിലും പ്രവാസി സര്‍വകലാശാല യാഥാര്‍ഥ്യമായില്ല. പ്രവാസി സര്‍വകലാശാല സ്ഥാപിക്കുന്നതിന് മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജുക്കേഷന്‍ ട്രസ്റ്റിനെ യു.പി.എ സര്‍ക്കാര്‍ തെരഞ്ഞെടുത്തിരുന്നു. ഇവര്‍ ബംഗളൂരു വിമാനത്താവളത്തിന് അടുത്ത് ദേവനഹള്ളിയില്‍ 100 ഏക്കര്‍ കാമ്പസും കണ്ടത്തെി. മൂന്നുഘട്ടങ്ങളിലായി 575 കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സര്‍വകലാശാല സ്ഥാപിക്കാനായിരുന്നു പരിപാടി.

യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി പ്രായോഗികമല്ളെന്നാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. പ്രവാസി സര്‍വകലാശാല സ്ഥാപിക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തിയപ്പോള്‍ ഒട്ടേറെ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന പ്രതികരണങ്ങളാണ് ലഭിച്ചത്. അതുപരിഗണിച്ചാണ് പ്രവാസി സര്‍വകലാശാലയെന്ന ആശയം ഉപേക്ഷിച്ചതെന്നും പ്രവാസികാര്യ സെക്രട്ടറി വിശദീകരിച്ചു.

Tags:    
News Summary - pravasi university modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.