മാലേഗാവ് സ്ഫോടന കേസ്: പ്രജ്ഞ സിങ് ഠാകുർ ഹാജരാകാതെ വിചാരണ തടസ്സപ്പെടുത്തുന്നുവെന്ന് കോടതി

മുംബൈ: മാലേഗാവ് സ്ഫോടന കേസിൽ വിചാരണക്ക് ഹാജരാകാതെ ഒഴിഞ്ഞുമാറുന്ന ഒന്നാംപ്രതിയും ഭോപാലിലെ ബി.ജെ.പി എം.പിയുമായ പ്രജ്ഞ സിങ് ഠാകുറിനെതിരെ രൂക്ഷ വിമർശനവുമായി എൻ.ഐ.എ കോടതി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബുധനാഴ്ചയും പ്രജ്ഞ ഹാജരാകാതിരുന്നതോടെയാണ് ജഡ്ജി രോഷാകുലനായത്.

ക്രിമിനൽ ചട്ടപ്രകാരം മൊഴിനൽകാൻ ഹാജരാകാതെ പ്രജ്ഞ വിചാരണ തടസ്സപ്പെടുത്തുകയാണെന്ന് കോടതി പറഞ്ഞു. പ്രജ്ഞ സിങ്ങിനെ നേരിൽക്കണ്ട് ആരോഗ്യാവസ്ഥ പരിശോധിച്ച് തിങ്കളാഴ്ചയോടെ റിപ്പോർട്ട് സമർപ്പിക്കാൻ എൻ.ഐ.എയോട് കോടതി ഉത്തരവിട്ടു. നേരിട്ട് ഹാജരാകാനാകില്ലെന്നു പറഞ്ഞ് മാർച്ച് അഞ്ചിന് ഡോക്ടർ സാക്ഷ്യപ്പെടുത്തിയ രേഖയുടെ പകർപ്പ് പ്രജ്ഞ കോടതിയിൽ സമർപ്പിച്ചിരുന്നു. അതിന്റെ ഒറിജിനൽ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല.

മാർച്ച് 11ന് ഹാജരാകാത്തതിനെ തുടർന്ന് കോടതി വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പിന്നീട് ഹാജരായി പിഴ കെട്ടിയതോടെ വാറന്റ് പിൻവലിച്ചു. ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി കോടതി നടപടികളിൽനിന്ന് വിട്ടുനിൽക്കുന്ന പ്രജ്ഞ പൊതുപരിപാടികളിൽ പങ്കെടുക്കുകയും ക്രിക്കറ്റ് കളിക്കുകയും നൃത്തംവെക്കുകയും ചെയ്യുന്നതിന്റെ വിഡിയോകൾ പ്രചരിച്ചിരുന്നു.

വിചാരണ നടക്കുന്ന അതേദിവസമാണ് പൊതുപരിപാടിയിൽ പങ്കെടുത്തത്. കേസിൽ സാക്ഷിവിസ്താരം അവസാനിച്ചതോടെ ക്രിമിനൽ ചട്ടം 313 പ്രകാരം പ്രതികളുടെ മൊഴി രേഖപ്പെടുത്തിവരുകയാണ്.

Tags:    
News Summary - Pragya Singh Thakur pulled up by special court for skipping Malegaon 2008 blast case hearing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.