ദിസ്പുർ: അസം ജനതക്ക് കോൺഗ്രസ് അപകടകാരിയായി മാറിയിട്ടുണ്ടെന്നും അധികാരം നേടാൻ കോൺഗ്രസ് എന്തും ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ധേമാജിയിലെ ഗോഗാമുഖിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 ലെ തെരഞ്ഞെടുപ്പിന് മുമ്പ് തങ്ങളുടെ സ്ഥിരം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കുന്നതിനായി കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ വർഗീയ കലാപ നിയമം കൊണ്ടുവരാൻ ശ്രമിച്ചു. കലാപങ്ങൾക്ക് ഉത്തരവാദികൾ ഭൂരിപക്ഷ സമുദായമാണെന്നും മതന്യൂനപക്ഷങ്ങൾ എപ്പോഴും ഇരകളാണെന്നും വരുത്തിത്തീർക്കുന്നതായിരുന്നു ആ ബില്ല്. അതുതന്നെ വർഗീയമായിരുന്നു.
ബി.ജെ.പി-എൻ.ഡി.എ സഖ്യം ബിൽ പാസാക്കാൻ അനുവദിച്ചില്ല. ഇപ്പോൾ 12 വർഷത്തിന് ശേഷം അസം കോൺഗ്രസ് സമാനമായ നിയമം പ്രഖ്യാപിക്കുകയാണ്. അധികാരം നേടാൻ കോൺഗ്രസ് എന്തും ചെയ്യുമെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്ന് മോദി പറഞ്ഞു. അസമിൽ മൂന്നാം തവണയും ഭരണം ലക്ഷ്യമിടുന്ന ബി.ജെ.പി വികസിത ഭാരതം എന്ന ലക്ഷ്യത്തോടെയുള്ള വികസനത്തിനാണ് മുൻഗണന നൽകുന്നത്. 69 വർഷത്തിനിടെ ബ്രഹ്മപുത്ര നദിക്ക് കുറുകെ കോൺഗ്രസ് നിർമിച്ചത് മൂന്ന് പാലങ്ങളാണ്. എന്നാൽ, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ബി.ജെ.പി സർക്കാർ അഞ്ച് പ്രധാന പാലങ്ങൾ നിർമിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
അസമിൽ ബി.ജെ.പി അധികാരത്തിലെത്തുന്ന പക്ഷം ഏക സിവിൽ കോഡ് (യു.സി.സി) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. യു.സി.സി നടപ്പാക്കിയാൽ ആർക്കും നാലു വിവാഹം കഴിക്കാൻ സാധിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കവേ ചായ്ഗാവിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസം സംസ്ഥാനം എന്നത് പ്രകൃതിയാൽ അനുഗ്രഹീതമാണ്. അസമിൽ ബി.ജെ.പി ഭരിച്ച 10 വർഷത്തിനിടെ 1.5 ലക്ഷം ഏക്കർ സ്ഥലം കൈയേറ്റക്കാരിൽനിന്ന് തിരിച്ചുപിടിച്ചതായും അദ്ദേഹം പറഞ്ഞു. ഇത്തവണയും സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിൽ വരണമെന്നും നിങ്ങൾ ഹിമന്തക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
സാങ്കേതിക പ്രശ്‌നങ്ങൾ കാരണം അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ഗോലക്ഗുഞ്ചിൽ ഇറങ്ങാനായില്ല. ഇതോടെ അദ്ദേഹം പങ്കെടുക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് റാലി റദ്ദാക്കി. പിന്നാലെ അമിത് ഷാ റാലിക്കെത്തിയവരെ ഫോണിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും റാലിക്കെത്തിയവരോട് ക്ഷമാപണം നടത്തിയ ബി.ജെ.പി സ്ഥാനാർഥികളെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. ഗോലക്ഗുഞ്ചിൽ ഹെലികോപ്റ്റർ ഇറങ്ങാൻ കഴിയാത്തതിനാൽ അമിത് ഷാ ദുധ്നോയിലേക്ക് യാത്രതിരിച്ചു. ദുധ്നോയിലെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ അദ്ദേഹം പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.