ന്യൂഡൽഹി: നിരോധിത സംഘടന പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരി ഗ്രീൻ വാലി അക്കാദമിയടക്കമുള്ള 67 കോടി രൂപയുടെ സ്വത്തുക്കൾ കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണക്കേസിലാണ് നടപടി. രാഷ്ട്രീയ പാർട്ടിയായ എസ്.ഡി.പി.ഐയുടെ തിരുവനന്തപുരത്തെ ഭൂമിയും കണ്ടുകെട്ടി. 67.03 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ നവംബർ ആറിന് താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചതായി ഇ.ഡി അറിയിച്ചു. ഇതോടെ കേസിൽ മരവിപ്പിച്ച ആസ്തികളുടെ മൂല്യം 129 കോടി രൂപയായി.
ഗ്രീൻ വാലി ഫൗണ്ടേഷൻ, ആലപ്പുഴ സോഷ്യൽ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ ട്രസ്റ്റ്, പന്തളം എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ ട്രസ്റ്റ്, വയനാട്ടിലെ ഇസ്ലാമിക് സെന്റർ ട്രസ്റ്റ്, മലപ്പുറത്തെ ഹരിതം ഫൗണ്ടേഷൻ (പൂവഞ്ചിന), ആലുവയിലെ പെരിയാർ വാലി ചാരിറ്റബിൾ ട്രസ്റ്റ്, പാലക്കാട്ടെ വള്ളുവനാട് ട്രസ്റ്റ്, തിരുവനന്തപുരത്തെ എസ്.ഡി.പി.ഐയുടെ പേരിലുള്ള സ്ഥലങ്ങൾ എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളുടെ പേരിലാണ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്തിരുന്നത്.
വള്ളുവനാട് ഹൗസ് പട്ടാമ്പി, മലബാർ ഹൗസ് (ഹരിതം ഫൗണ്ടേഷൻ) എന്നിവയുൾപ്പെടെ നിരവധി ഇടങ്ങളിൽ പോപ്പുലർ ഫ്രണ്ട് ശാരീരിക, വിദ്യാഭ്യാസ പരിശീലന പരിപാടികൾ നടത്തിയതായും ഷെഡുകൾ നിർമ്മിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ഇ.ഡി പറഞ്ഞു. ഡമ്മി ഉടമകളുടെ പേരിൽ രജിസ്റ്റർ ചെയ്ത ഇടങ്ങളിൽ ആയുധങ്ങളുപയോഗിച്ചുള്ള പരിശീലനം പോപ്പുലർഫ്രണ്ട് നടത്തിയെന്ന് ഇ.ഡി ആരോപിച്ചു. ‘ജിഹാദിസ്റ്റ് അജണ്ട’ നിറവേറ്റുന്നതിനും മറ്റും കേഡർമാരെയും അംഗങ്ങളെയും സജ്ജമാക്കുക എന്നതായിരുന്നു ഇത്തരം പരിശീലനത്തിന്റെ ലക്ഷ്യമെന്നും ഇ.ഡി ആരോപിക്കുന്നു.
നിയമവിരുദ്ധമായി 131 കോടി രൂപ സമാഹരിച്ചതായും അന്വേഷണ ഏജൻസി പറയുന്നു. ഇസ്ലാമിക രാഷ്ട്രം രൂപീകരിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഭീകര പ്രവർത്തനവും ക്രിമിനൽ ഗൂഢാലോചന നടത്തുന്നതിനും ഈ വരുമാനം ഉപയോഗിച്ചുവെന്നും ഇ.ഡി ആരോപിക്കുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും നിന്ന് ബാങ്കുകൾ, ഹവാല, സംഭാവനകൾ എന്നിവ വഴി ഫണ്ട് സ്വരൂപിച്ചെന്നും ഇ.ഡി കൂട്ടിച്ചേർത്തു.
2022 സെപ്റ്റംബറിലാണ് പോപ്പുലർഫ്രണ്ടിനെ അഞ്ച് വർഷത്തേക്ക് നിരോധിച്ചത്. തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നിയമവിരുദ്ധ സംഘടനയാണെന്ന് ആരോപിച്ചായിരുന്നു നിരോധനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.