ഭോപാൽ: ലോക്ഡൗൺ കാലത്തെ അമിത ജോലി ഭാരത്തിന്റെ സമ്മർദം കൊണ്ടും കൊറോണ പിടിക്കുമെന്ന ഭയത്താലും പൊലീസ് കോൺസ്റ്റബ ിൾ സ്വയം വെടിവെച്ചു. ഭോപാൽ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള നീൽബർ പൊലീസ് ഔട്ട് പോസ്റ്റിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. 36കാരനായ കോൺസ്റ്റബിൾ ചേതൻ സിങ് ആണ് സർവിസ് റിവോൾവർ കൊണ്ട് സ്വയം വെടിവെച്ചത്.
രതിബർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളാണ് ചേതൻ സിങ്. ലോക്ഡൗൺ ലംഘകരെ പിടിക്കാനുള്ള ബൈക്ക് നിരീക്ഷണ ഡ്യൂട്ടിയിലായിരുന്നു ചേതൻ സിങ്. പുറത്ത് കറങ്ങേണ്ടതിനാൽ കൊറോണ പിടിക്കാൻ സാധ്യതയുണ്ടെന്ന പേടി ചേതൻ സിങിന് ഉണ്ടായിരുന്നു. അമിത ഡ്യൂട്ടി ചെയ്യുന്നതിന്റെ സമ്മർദവും അലട്ടിയിരുന്നു. ഡ്യൂട്ടി മാറ്റുന്നത് സംബസിച്ച് മേലുദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടി ഉണ്ടാകാഞ്ഞതിൽ മനംനൊന്താണ് സ്വയം വെടിയുതിർത്തത്. ആദ്യം ആകാശത്തേക്ക് വെടിവെച്ചു. ശേഷം ഇടത്തേ കൈയിൽ വെടിവെക്കുകയായിരുന്നു. ചേതൻ സിങിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അപകടനില തരണം ചെയ്തെന്നും ഭോപാൽ (സൗത്ത് ) എസ്.പി സായി കൃഷ്ണ പറഞ്ഞു.
പൊലിസ് സേനാംഗങ്ങളുടെ മാനസിക സമ്മർദം മാറ്റാൻ ഭോപാലിൽ കൗൺസലിങ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഇതുവരെ ഭോപാലിൽ 10 പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.