ബംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചതിന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യക്കെതിരെ കർണാടക പൊലീസ് കേസെടുത്തു. കേസ് അധികാര ദുർവിനിയോഗമാണെന്ന് ഡൽഹിയിലെ ബി.ജെ.പി നേതാക്കൾ കുറ്റപ്പെടുത്തി.
അമിത് മാളവ്യയുടെ ട്വീറ്റുമായി ബന്ധപ്പെട്ട് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗം രമേശ് ബാബുവിന്റെ പരാതിയെ തുടർന്നാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. രാഹുൽ ഗാന്ധിയെ പരിഹസിച്ച് കോൺഗ്രസ് പാർട്ടിയെ മോശമായി ചിത്രീകരിക്കുന്ന ആനിമേറ്റഡ് വിഡിയോയാണ് ട്വീറ്റ് ചെയ്തിരുന്നത്.
‘രാഹുൽ ഗാന്ധി അപകടകാരിയാണ്, ഗൂഢമായ കളി കളിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് അമിത് മാളവ്യ വിഡിയോ ട്വീറ്റ് ചെയ്തത്. ‘രാഹുൽ ഗാന്ധിയുടെ ചരട് വലിക്കുന്ന സാം പിയെപ്പോലുള്ളവരാണ് കൂടുതൽ അപകടകാരികൾ. ഇന്ത്യ വിരുദ്ധർ. നരേന്ദ്രമോദിശയ നാണംകെടുത്താൻ വേണ്ടി മാത്രം വിദേശത്ത് ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ എല്ലാ ശ്രമവും നടത്തുന്നവർ. - അമിത് മാളവ്യ ട്വീറ്റിൽ കുറിച്ചിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് തൊട്ടുപിന്നാലെ, അമിത് മാളവ്യ അതേ ട്വീറ്റ് രാഹുൽ ഗാന്ധി വിദേശ ശക്തികളുടെ ചട്ടുകം എന്ന, ഹിന്ദിയിലുള്ള കുറിപ്പോടെ വീണ്ടും പോസ്റ്റ് ചെയ്തു.
അമിത് മാളവ്യക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് പാർട്ടിയിലെ ബംഗളൂരു സൗത്ത് ലോക്‌സഭാ അംഗം തേജസ്വി സൂര്യ പറഞ്ഞു.
നിയമത്തിന്റെ ആഘാതമേൽക്കുമ്പോഴെല്ലാം ബി.ജെ.പി ചീത്തവിളിക്കുന്നുവെന്ന് ബി.ജെ.പി നേതാക്കളുടെ പരാമർശങ്ങളോട് പ്രതികരിച്ചുകൊണ്ട് കർണാടകയിലെ ഐ.ടി മന്ത്രിയായ കോൺഗ്രസ് നേതാവ് പ്രിയങ്ക് ഖാർഗെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജൂൺ 19ന് കെപിസിസി അംഗം രമേഷ് ബാബു പരാതി നൽകാൻ പോയപ്പോൾ പ്രിയങ്ക് ഖാർഗെ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.