യൂട്യൂബർ പങ്കുവെച്ച നുരഞ്ഞുപൊങ്ങുന്ന തണ്ണിമത്തൻ
മുംബൈ: തണ്ണിമത്തൻ കഴിച്ച് മുംബൈയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച സംഭവത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ആശങ്ക വിതച്ച് പുതിയ വിഡിയോ. 'ഫ്ലയിങ് ബീസ്റ്റ്' എന്ന പേരിൽ അറിയപ്പെടുന്ന പ്രമുഖ യൂട്യൂബർ ഗൗരവ് താനേജയാണ് അടുക്കളയിൽ വെച്ചിരുന്ന തണ്ണിമത്തൻ മുറിക്കാതെ തന്നെ അതിൽനിന്ന് നുരയും പതയും പുറത്തേക്ക് വരുന്ന ദൃശ്യങ്ങൾ പങ്കുവെച്ചത്. 'തർബൂസ് മേം നികലാ സെഹർ' (തണ്ണിമത്തനിൽ വിഷം) എന്ന തലക്കെട്ടോടെ അദ്ദേഹം പങ്കുവെച്ച വിഡിയോ നിമിഷങ്ങൾക്കകം വൈറലായി.
റോഡരികിലെ കച്ചവടക്കാരനിൽനിന്ന് വാങ്ങിയ തണ്ണിമത്തൻ രാത്രി അടുക്കളയിൽ വെച്ചതായും പിറ്റേന്ന് രാവിലെ നോക്കിയപ്പോൾ അതിൽ നിന്ന് പത നുരഞ്ഞുപൊങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതായും ഗൗരവ് പറയുന്നു. മായം ചേർത്ത പഴങ്ങളെക്കുറിച്ചും ഭക്ഷ്യസുരക്ഷ പരിശോധനകളിലെ അലംഭാവത്തെക്കുറിച്ചും വലിയ ചർച്ചകൾക്കാണ് ഇത് സോഷ്യൽ മീഡിയയിൽ വഴിവെച്ചിരിക്കുന്നത്.
ഏപ്രിൽ 26നാണ് മുംബൈയിലെ ഒരു വീട്ടിൽ അബ്ദുല്ല ഡോകാഡിയ (40), ഭാര്യ നസീം (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഭക്ഷണത്തിന് ശേഷം കുടുംബം തണ്ണിമത്തൻ കഴിച്ചിരുന്നു. തുടർന്ന് നടത്തിയ രാസപരിശോധനയിൽ തണ്ണിമത്തനിലും മരിച്ചവരുടെ ശരീരത്തിലും എലിവിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ കേസിലെ അന്വേഷണം പുരോഗമിക്കെയാണ് പുതിയ വൈറൽ വിഡിയോ പുറത്തുവന്നത്.
ഗൗരവ് താനേജയുടെ വിഡിയോ കണ്ട് പലരും പരിഭ്രാന്തരായെങ്കിലും ഇതൊരു സ്വാഭാവിക പ്രക്രിയയാണെന്നും ചില വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കഠിനമായ ചൂടിൽ തണ്ണിമത്തന്റെ ഉള്ളിൽ ബാക്ടീരിയകൾ വളരുകയും തണ്ണിമത്തൻ പുളിക്കുമ്പോഴുമാണ് ഇത്തരത്തിൽ ഗ്യാസ് രൂപപ്പെട്ട് പത പുറത്തേക്ക് വരുന്നത്. ദീർഘനേരം ചൂടിൽ വെക്കുന്ന പഴങ്ങൾ ഇത്തരത്തിൽ ചീഞ്ഞുപോകാൻ സാധ്യതയുണ്ടെന്നും ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
പഴങ്ങൾ വാങ്ങുമ്പോൾ അവയിൽ സുഷിരങ്ങളോ അസാധാരണമായ മണമോ പതയോ ഉണ്ടോ എന്ന് പരിശോധിക്കുക. കഠിനമായ ചൂടുള്ള സാഹചര്യത്തിൽ പഴങ്ങൾ വാങ്ങി അധികം വൈകാതെ ഉപയോഗിക്കാനോ അല്ലെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാനോ ശ്രദ്ധിക്കണം. ചീഞ്ഞതോ അമിതമായി പുളിച്ചതോ ആയ പഴങ്ങൾ ഒഴിവാക്കണമെന്നും ഭക്ഷ്യസുരക്ഷ വിദഗ്ധർ നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.