പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ ബാങ്കുകളെ ചലിപ്പിക്കാനുള്ള ഉപായം

തൃശൂര്‍: രാജ്യം കാത്തിരുന്ന പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രി ചില വായ്പ പദ്ധതികള്‍ മാത്രം പ്രഖ്യാപിച്ചത് നിലവില്‍ മരവിപ്പിലായ ബാങ്കുകളെ ചലിപ്പിക്കാനുള്ള ഉപായം മാത്രമെന്ന് ബാങ്കിങ് മേഖലയിലുള്ളവരുടെ വിലയിരുത്തല്‍. ബജറ്റിനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ചുരുങ്ങിയ പലിശനിരക്കില്‍ ചില വായ്പകള്‍ പ്രഖ്യാപിച്ചതിലൂടെ ബാങ്കുകളില്‍ കുമിഞ്ഞുകൂടിയ പണം പുറത്തേക്ക് ഒഴുക്കാനും അതുവഴി ബാങ്കുകളുടെ പലിശ വരുമാനം വര്‍ധിപ്പിക്കാനുമുള്ള കുറുക്കുവഴിയാണ് മോദിയുടെ പ്രഖ്യാപനത്തിലൂടെ കണ്ടത്.

നവംബര്‍ എട്ടിന് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം രാജ്യത്തെ ബാങ്കുകളില്‍ ഇടപാടുകള്‍ ഏതാണ്ട് സ്തംഭനത്തിലാണ്. അസാധു നോട്ടുകള്‍ മാറ്റാനും പിന്നീട് നിക്ഷേപിക്കാനുമുള്ള തിരക്ക് കഴിഞ്ഞപ്പോള്‍ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാനുള്ള തത്രപ്പാടായി. അതിലപ്പുറം, ബാങ്കുകളുടെ നിലനില്‍പിന് അടിസ്ഥാനമായ വായ്പ വിതരണം ഏതാണ്ട് നിലച്ചിരിക്കുകയാണ്.

നിക്ഷേപിച്ച പണത്തിനത്രയും പലിശ കൊടുക്കണം. സേവിങ്സ് ബാങ്ക് അക്കൗണ്ടാണെങ്കില്‍ നാലു ശതമാനവും അല്ലാത്ത അക്കൗണ്ടുകള്‍ക്ക് അതിനനുസരിച്ചും പലിശ നല്‍കണം. നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ കുറെ പേര്‍ നിലവിലുള്ള വായ്പ തിരിച്ചടക്കാനാണ് അസാധുപ്പണം ഉപയോഗിച്ചത്. ഈ ഇടപാടുകള്‍ കഴിഞ്ഞതോടെ ക്രയവിക്രയത്തിലെ പ്രധാന ഇനമായ വായ്പ വിതരണം നിലച്ചു. വായ്പ വിതരണം നിലച്ചാല്‍ പലിശ വരുമാനം കുറയും. ഈ അവസ്ഥ ബാങ്കുകളുടെ തകര്‍ച്ചയിലേക്ക് നയിച്ച അനുഭവങ്ങള്‍ ചില രാജ്യങ്ങളിലുണ്ടെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു.

ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ബാങ്കുകള്‍ ലക്ഷ്യമിടുന്നതിനെക്കാളേറെ നിക്ഷേപം ഇതിനകം എത്തിക്കഴിഞ്ഞു. വായ്പ വിതരണമാകട്ടെ, കുത്തനെ താഴുകയും ചെയ്തു. മൂന്നും നാലും ശതമാനത്തിന് ഗ്രാമീണ മേഖലയില്‍ ഭവന വായ്പ, കര്‍ഷകര്‍ക്ക് വായ്പ തിരിച്ചടവില്‍ ഇളവ് തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ജനങ്ങളെക്കൊണ്ട് വായ്പ എടുപ്പിക്കാനുള്ള സൂത്രത്തിലുപരി ഒന്നുമല്ളെന്ന് ബാങ്കിങ് വിദഗ്ധര്‍ പറയുന്നു. ഒരു പ്രത്യേക കാലത്തേക്ക് ഒരു പരിധിവരെ വായ്പ നല്‍കിക്കഴിഞ്ഞാല്‍ പലിശ നിരക്ക് മാറ്റുകയുമാവാം.

50 ദിവസത്തിലധികമായി ചലനമറ്റു കിടക്കുന്ന ബാങ്കുകളെ പ്രവര്‍ത്തനക്ഷമമാക്കാന്‍ വഴിതേടുന്നതിലപ്പുറം പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ഒന്നുമില്ളെന്നു കരുതുന്നവരാണ് ബാങ്കിങ് രംഗത്തുള്ളവര്‍.

അതോടൊപ്പം, നോട്ട് അസാധുവാക്കലിന് അനുസൃതമായ തുടര്‍പ്രഖ്യാപനങ്ങളോ നടപടികളോ ഇല്ലാതെപോയതും എത്ര നോട്ട് അച്ചടിച്ചുവെന്നും മറ്റുമുള്ള കണക്കുകള്‍ പറയാതിരുന്നതും അസാധുവാക്കല്‍ പരാജയമാണെന്നു പറയാതെ പറഞ്ഞതാണെന്നും അഭിപ്രായമുള്ളവരുമുണ്ട്.

Tags:    
News Summary - pm's demonetization declaration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.