പ്രധാനമന്ത്രിയുടെ നിരന്തര മണ്ടത്തരങ്ങൾ ഇന്ത്യയെ ദുർബലപ്പെടുത്തി; എണ്ണിപ്പറഞ്ഞും കടന്നാക്രമിച്ചും രാഹുൽ 

ന്യൂഡൽഹി: ചൈനീസ് കടന്നുകയറ്റത്തിലേക്ക് നയിച്ച ഇന്ത്യയിലെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാറിനെ രൂക്ഷമായി കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിൽ പങ്കുവെച്ച മൂന്നര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലൂടെയാണ് കേന്ദ്ര സർക്കാർ സർവമേഖലകളിലും രാജ്യത്തെ എത്രത്തോളം പിന്നോട്ട് കൊണ്ടുപോയെന്നും എന്തുകൊണ്ട് ഇന്ത്യയെ ആക്രമിക്കാൻ ചൈന ഈ സമയംതന്നെ തെരഞ്ഞെടുത്തതെന്നും രാഹുൽ വിശദീകരിക്കുന്നത്. 

ഇത്രയും ആക്രമണോത്സുകമായി പ്രതികരിക്കാൻ ചൈനയെ പ്രേരിപ്പിച്ച ഇന്ത്യയിലെ സാഹചര്യം എന്താണ്. ഇന്ത്യയെ പോലൊരു രാജ്യത്തിനുനേർക്ക് നീങ്ങാൻ ചൈനക്ക് എന്താണ് ആത്മവിശ്വാസം നൽകിയത് -രാഹുൽ വിഡിയോയിൽ ചോദിക്കുന്നു. 

2014 മുതൽ പ്രധാനമന്ത്രിയുടെ നിരന്തരമായ മണ്ടത്തരങ്ങളും വീഴ്ചകളും വിവേകശൂന്യമായ നടപടികളും രാജ്യത്തെ ദുർബലപ്പെടുത്തി. രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ ബന്ധത്തിന് പൊള്ളയായ വാക്കുകൾ പര്യാപ്തമല്ല. 

ഒരു രാജ്യം അതിന്‍റെ വിദേശ ബന്ധങ്ങളാലും അയൽരാജ്യങ്ങളാലും സമ്പദ് വ്യവസ്ഥയാലും സംരക്ഷിക്കപ്പെടുന്നുണ്ട്. ജനങ്ങളുടെ വികാരവും കാഴ്ചപ്പാടും രാജ്യത്തെ സംരക്ഷിക്കുന്നുണ്ട്. എന്നാൽ, കഴിഞ്ഞ ആറ് വർഷമായി എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ മേഖലകളിലും ഇന്ത്യ അസ്വസ്ഥമാക്കപ്പെട്ടു. 

ഇന്ത്യക്ക് എല്ലാ രാജ്യങ്ങളുമായും മികച്ച ബന്ധമായിരുന്നു. അമേരിക്കയുമായും റഷ്യയുമായും യൂറോപ്യൻ യൂനിയനുമായും ജപ്പാനുമായെല്ലാം ഇന്ത്യക്ക് ബന്ധമുണ്ടായിരുന്നു. രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ ഇന്ത്യയെ മുന്നോട്ട് നയിക്കാൻ സഹായിച്ചു. 

ഇന്ന് നമുക്കുള്ളത് ഇടപാടുകളിലെ ബന്ധമാണ്. അമേരിക്കയുമായി അത്തരം ബന്ധമാണ്. റഷ്യയുമായുള്ള ബന്ധം നാം ഉലച്ചു. യൂറോപ്പുമായുള്ളതും ഇടപാടുകളിലെ ബന്ധമാണ്. 

നേരത്തെ നേപ്പാൾ ഇന്ത്യയുടെ സുഹൃദ് രാജ്യമായിരുന്നു. ഭൂട്ടാനും ശ്രീലങ്കയും സുഹൃദ് രാജ്യമായിരുന്നു. പാകിസ്താൻ ഒഴികെ അയൽരാജ്യങ്ങളുമായെല്ലാം നല്ല ബന്ധമുണ്ടായിരുന്നു. ഇന്ത്യയുമായി പങ്കാളിത്തമുള്ളവരായി അവർ സ്വയം കരുതുകയും ചെയ്തു. എന്നാൽ, ഇന്ന് നേപ്പാൾ ഇന്ത്യക്കെതിരാണ്. നിങ്ങൾ നേപ്പാളിൽ പോയി ജനങ്ങളോട് സംസാരിച്ചാൽ അറിയാം സംഭവിക്കുന്ന കാര്യങ്ങളിൽ അവർക്കുള്ള അമർഷം. ശ്രീലങ്ക അവരുടെ തുറമുഖം തന്നെ ചൈനക്ക് നൽകി. മാലദ്വീപും ഭൂട്ടാനും അസ്വസ്ഥരാണ്. നമ്മുടെ വിദേശ പങ്കാളികളെയും അയൽക്കാരെയും ഒരുപോലെ നാം അസ്വസ്ഥരാക്കി. 

ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ എന്താണ്?. 50 വർഷത്തിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക വളർച്ച. 50 വർഷത്തിനിടയിലെ ഉയർന്ന തൊഴിലില്ലായ്മ നിരക്ക്. നമ്മുടെ ശക്തി വളരെ വേഗം നമ്മുടെ ബലഹീനതയായി മാറി. ഇതെല്ലാം ചൂണ്ടിക്കാണിച്ചതാണ്. നാം ദുർബലരാകുന്നത് കാണണമെന്ന് അഭ്യർഥിച്ചതാണ്. ഒരു രാജ്യത്തെ സംബന്ധിച്ച് ഇവയെല്ലാം തമ്മിൽ ബന്ധപ്പെട്ടു കിടക്കുകയാണ്. 

സമ്പദ് വ്യവസ്ഥയിലേക്ക് പണം എത്തിക്കാനും പുനരുജ്ജീവിപ്പിക്കാനും മധ്യ-ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കാനും ഞങ്ങൾ ആവശ്യപ്പെട്ടതാണ്. എന്നാൽ അതുണ്ടായില്ല. ഇന്ന്, നമ്മുടെ രാജ്യം സാമ്പത്തികമായി തകർന്നു. വിദേശനയം തകർന്നു. അയൽരാജ്യങ്ങളുമായി അടുപ്പം നഷ്ടമായി. ഇന്ത്യക്ക് മേൽ കടന്നുകയറാൻ ഏറ്റവും മികച്ച സമയം ഇതാണെന്ന് ചൈന തീരുമാനിച്ചു -രാഹുൽ വിഡിയോയിൽ പറയുന്നു. 

#TruthWithRahulGandhi എന്ന ഹാഷ്ടാഗോടെ ട്വിറ്ററിൽ തരംഗമായിരിക്കുകയാണ് വിഡിയോ. രാഹുൽ ചൂണ്ടിക്കാട്ടിയ ഓരോ വിഷയവും വിശദീകരിച്ചും താരതമ്യം ചെയ്തും ട്വിറ്റർ ക്യാംപയിനും ആരംഭിച്ചിട്ടുണ്ട്. 

Tags:    
News Summary - PM's Constant Blunders Have Fundamentally Weakened India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.