ന്യൂഡൽഹി: 126-ാമത് മൻ കി ബാത്ത് പ്രസംഗത്തിൽ ആർ.എസ്.എസിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിസ്വാർത്ഥ സേവന മനോഭാവവും അച്ചടക്കത്തിന്റെ പാഠവുമാണ് ആർ.എസ്.എസിന്‍റെ യഥാർത്ഥ ശക്തിയെന്നും വളണ്ടിയർമാരുടെ ഓരോ പ്രവർത്തനത്തിലും രാഷ്ട്രം ആദ്യം എന്നതിനാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.
ഏതാനും ദിവസങ്ങൾക്കുള്ളിൽ നമ്മൾ വിജയദശമി ആഘോഷിക്കുകയാണ്. ഇത്തവണത്തെ വിജയദശമി മറ്റൊരു കാരണത്താൽ കൂടുതൽ സവിശേഷമാണ്. ഈ ദിവസം ആർ.എസ്.എസ് സ്ഥാപിതമായതിന്റെ 100 വർഷം പൂർത്തിയാക്കുകയാണ്. നൂറു വർഷങ്ങൾക്ക് മുമ്പ് ആർ.എസ്.എസ് സ്ഥാപിതമാകുമ്പോൾ നമ്മുടെ രാഷ്ട്രം അടിമത്തത്തിന്റെ ചങ്ങലകളിൽ ബന്ധിക്കപ്പെട്ടിരിക്കുകയായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ അടിമത്തം നമ്മുടെ ആത്മവിശ്വാസത്തിനും ആത്മാഭിമാനത്തിനുംമേൽ ആഴത്തിലുള്ള മുറിവുണ്ടാക്കി. അതുകൊണ്ട് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തോടൊപ്പം പ്രത്യയശാസ്ത്രപരമായ അടിമത്തത്തിൽനിന്ന് രാജ്യത്തെ മോചിപ്പിക്കേണ്ടതും ആവശ്യമായിരുന്നു. ഈ ലക്ഷ്യത്തിനായി കെ.ബി. ഹെഡ്‌ഗേവാർ രാഷ്ട്രീയ സ്വയം സേവക് സംഘം 1925-ൽ രൂപീകരിച്ചു -പ്രധാനമന്ത്രി പറഞ്ഞു.
ഒക്ടോബർ 2 ഗാന്ധി ജയന്തിയാണ്. സ്വദേശി വസ്ത്രങ്ങളുടെ സ്വീകാര്യതക്ക് ഗാന്ധിജി എപ്പോഴും ഊന്നൽ നൽകിയിരുന്നു. അവയിൽ ഏറ്റവും പ്രധാനം ഖാദിയായിരുന്നു. നിർഭാഗ്യവശാൽ സ്വാതന്ത്ര്യാനന്തരം ഖാദിക്ക് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല. എന്നാൽ കഴിഞ്ഞ 11 വർഷമായി ഖാദിയോടുള്ള രാജ്യത്തിന്റെ താൽപര്യം വർധിച്ചിട്ടുണ്ട്. സമീപ വർഷങ്ങളിൽ ഖാദി വിൽപനയിൽ വൻ വർധനവുണ്ടായിട്ടുണ്ട്. ഒക്ടോബർ രണ്ടിന് നിങ്ങൾ എല്ലാവരും ഏതെങ്കിലും ഒരു ഖാദി ഉൽപന്നം വാങ്ങണമെന്ന് ഞാൻ അഭ്യർഥിക്കുന്നു -പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.