മഴക്കോട്ടിട്ട് കുളിക്കാന്‍ മന്‍മോഹന്‍ പഠിപ്പിച്ചു: മോദി

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക പരിഷ്കരണങ്ങള്‍ക്ക് തുടക്കമിട്ട സാമ്പത്തിക വിദഗ്ധനും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിങ് കുളിമുറിയില്‍ കയറി കോട്ടിട്ട് കുളിക്കാന്‍ നമ്മെ പഠിപ്പിച്ചയാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ പരിഹസിച്ചു.  പ്രധാനമന്ത്രിയുടെ നിലവാരത്തിന് യോജിക്കാത്ത പരാമര്‍ശത്തിന് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രസംഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. മോദിയോട് പ്രതികരിക്കാനില്ളെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞപ്പോള്‍ മാപ്പുപറയാതെ മോദിയെ മേലില്‍ രാജ്യസഭയില്‍ പ്രസംഗിക്കാന്‍ അനുവദിക്കില്ളെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചു. 

കറന്‍സി നിരോധനം സംഘടിതമായ കൊള്ളയും നിയമപരമായ പിടിച്ചുപറിയും കേന്ദ്ര സര്‍ക്കാറിന്‍െറ കെടുകാര്യസ്ഥതയുടെ ചരിത്ര സ്മാരകവുമാണെന്ന് ശീതകാല സമ്മേളനത്തില്‍ രാജ്യസഭയില്‍ തുറന്നടിച്ച മന്‍മോഹന്‍ സിങ്ങിനോട് രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പരിഹാസത്തിലൂടെ പകരം വീട്ടുകയായിരുന്നു മോദി. മോദിയെ മുന്നിലിരുത്തി മിതഭാഷിയായ മന്‍മോഹന്‍ സിങ് ആഞ്ഞടിച്ചതിന് അദ്ദേഹത്തെ മുന്നിലിരുത്തിയായിരുന്നു തിരിച്ചുള്ള പരിഹാസം.

‘‘45 വര്‍ഷമായി രാജ്യത്തിന്‍െറ സാമ്പത്തിക നയങ്ങളില്‍ പങ്കാളിയായ വ്യക്തിയാണ് മന്‍മോഹന്‍ സിങ്. ഏറ്റവും അഴിമതി നടത്തിയ സര്‍ക്കാറിനെ നയിച്ചിട്ടുപോലും മന്‍മോഹന്‍ സിങ്ങിനുനേരെ ഒരു അഴിമതിയാരോപണം പോലുമുയര്‍ന്നില്ല. ഇത്രയും അഴിമതികളുണ്ടായിട്ടും മുന്‍ പ്രധാനമന്ത്രിയുടെ മേല്‍ ഒരു കറുത്ത പാട് പോലുമില്ല.  മഴക്കോട്ടിട്ട് കുളിമുറിയില്‍ പോയി കുളിക്കുന്ന കല ഡോക്ടര്‍ സാബില്‍നിന്നുതന്നെ പഠിക്കണം’’ എന്നായിരുന്നു മോദിയുടെ പരിഹാസം. 

ഇതുകേട്ട് ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം മോദിക്ക് നേരെ വിരല്‍ ചൂണ്ടി നടുത്തളത്തിലേക്കടുത്തു. മര്യാദയില്ലാത്ത എന്തു സംസാരമാണ് പ്രധാനമന്ത്രി നടത്തുന്നതെന്ന് വിളിച്ചുചോദിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് അംഗങ്ങളുടെ നീക്കം. ഇതോടെ പ്രസംഗം നിര്‍ത്തി മോദി ഇരുന്നു. കൂട്ടത്തില്‍ നിന്ന് എഴുന്നേറ്റ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ മോദിയെക്കൊണ്ട് പരാമര്‍ശം പിന്‍വലിപ്പിക്കണമെന്നും മാപ്പുപറയണമെന്നും ചെയര്‍മാന്‍ ഹാമിദ് അന്‍സാരിയോട് ആവശ്യപ്പെട്ടു. 

പ്രതിപക്ഷ ബഹളത്തെ നേരിടാന്‍ ഭരണപക്ഷത്തുനിന്ന് കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദും വെങ്കയ്യ നായിഡുവും എഴുന്നേറ്റ് പ്രത്യാരോപണമുന്നയിച്ചു. ഇതേ സഭയില്‍ ഇതേ വിഷയത്തിലുള്ള ചര്‍ച്ചയില്‍ നിലവിലുള്ള പ്രധാനമന്ത്രിയെ  ഹിറ്റ്ലറും മുസോളിനിയുമെന്നൊക്കെ പ്രതിപക്ഷം വിളിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ അംഗങ്ങള്‍ക്ക് എന്തും വിളിക്കാമെന്നും എന്നാല്‍, പ്രധാനമന്ത്രിക്ക് തിരിച്ചുപറയാന്‍ പാടില്ളെന്നുമുള്ള വാദം അംഗീകരിക്കാന്‍ കഴിയില്ളെന്നും വെങ്കയ്യ നായിഡു പറഞ്ഞു. തുടര്‍ന്ന് മോദിയുടെ മാന്യതയില്ലാത്ത സംസാരത്തില്‍ പ്രതിഷേധിച്ച് തങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തുകയാണെന്ന് ആനന്ദ് ശര്‍മ പറഞ്ഞു. പ്രതിപക്ഷം ഇറങ്ങിപ്പോകുകയാണെന്ന് കണ്ട് മോദി പ്രസംഗം തുടര്‍ന്നു.

ഇത്തരം ഭാഷ ഉപയോഗിക്കുന്നത് രാജ്യത്തിന്‍െറ പ്രധാനമന്ത്രിക്ക് ചേര്‍ന്നതല്ളെന്നും ആര്‍ക്കെതിരിലും ഇത്രയും കടുത്ത നിന്ദ്യമായ പദപ്രയോഗം നടത്തരുതെന്നും മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ പി. ചിദംബരം പറഞ്ഞു. കഴിഞ്ഞ കാലത്ത് ഒരു പ്രധാനമന്ത്രിയും ഇത്തരം പരാമര്‍ശം നടത്തിയിട്ടില്ളെന്നും അത് കൊണ്ടാണ് തങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോന്നതെന്നും ചിദംബരം തുടര്‍ന്നു. പരിഹാസത്തിന് മാപ്പുപറയാതെ മേലില്‍ പ്രധാനമന്ത്രിയെ രാജ്യസഭയില്‍ പ്രസംഗിക്കാന്‍ അനുവദിക്കില്ളെന്ന് മുന്‍ കേന്ദ്ര മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. മോദിയുടെ പ്രസംഗത്തില്‍ തനിക്കൊന്നും പറയാനില്ളെന്നായിരുന്നു സഭയില്‍നിന്നിറങ്ങിയ മന്‍മോഹന്‍െറ പ്രതികരണം. എല്ലാവരും സംസാരിച്ച് കഴിഞ്ഞ് മറുപടി പറയാന്‍ പറ്റാത്ത സമയത്ത് സംസാരിച്ചത് മോദിയുടെ ധാര്‍ഷ്ട്യമാണെന്നും സിബല്‍ കുറ്റപ്പെടുത്തി. ഇതിനിടയില്‍ രാഷ്ട്രപതിയുടെ നന്ദിപ്രമേയം പാസാക്കി രാജ്യസഭ വ്യാഴാഴ്ചത്തേക്ക് പിരിഞ്ഞു.

 

Tags:    
News Summary - PM Narendra Modi's Dig At Manmohan Singh On Corruption: 'Bathing With A Raincoat'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.