മോദിയുടെ ചിത്രം പഞ്ചായത്ത് ഓഫീസിൽ നിന്നും മാറ്റിയതിൽ കലഹം; 63 ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പഞ്ചായത്ത് ഓഫീസിൽ നിന്ന് കൗൺസിലർ നീക്കം ചെയ്തതിനെ ചൊല്ലി തർക്കം. കോയമ്പത്തൂർ ജില്ലയിലെ വെള്ളല്ലൂർ ടൗൺ പഞ്ചായത്ത് ഓഫീസിൽ നിന്നാണ് നരേന്ദ്ര മോദിയുടെ ചിത്രം നീക്കിയത്. ഇതിനെതിരെ വെള്ളല്ലൂർ ടൗൺ പഞ്ചായത്ത് ഓഫീസിൽ പ്രതിഷേധിച്ച 63 ബി.ജെ.പി പ്രവർത്തകരെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് വെള്ളല്ലൂർ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വരദരാജന്റെ നേതൃത്വത്തിൽ 30 ബി.ജെ.പി പ്രവർത്തകർ ഓഫീസിൽ ഫോട്ടോ പതിച്ചത്. ഫോട്ടോ പതിക്കാൻ എക്‌സിക്യൂട്ടീവ് ഓഫീസർ എൻ. ബാലസുബ്രമണി അനുമതി നൽകിയെന്നാണ് ഇവർ പറയുന്നത്. ഉച്ചക്ക് 12.30ഓടെ കൗൺസിലർ കനകരാജ് ഓഫീസിലെത്തി ഫോട്ടോ നീക്കം ചെയ്തു. കനകരാജ് പ്രധാനമന്ത്രിയുടെ ഫോട്ടോ നീക്കം ചെയ്യുന്നതിന്‍റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

ഉച്ചയോടെ ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡന്റ് കെ. വസന്തരാജന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ ഓഫീസിനു മുന്നിൽ തടിച്ചുകൂടി കൗൺസിലർക്കെതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. പൊലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചാണ് കനകരാജ് വിജയിച്ചെങ്കിലും ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) അദ്ദേഹത്തെ പിന്തുണച്ചിരുന്നു.

കനകരാജിനെതിരെ പ്രാദേശിക ബി.ജെപി അംഗങ്ങൾ പോത്തനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പ്രധാനമന്ത്രിയുടെ ഛായാചിത്രം നീക്കം ചെയ്തതിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

അതേസമയം, പ്രധാനമന്ത്രിയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇതാദ്യമല്ല. അടുത്തിടെ, മധ്യപ്രദേശിലെ ഇൻഡോറിൽ ഒരാൾ പരാതിയുമായി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി മോദിയുടെ ഛായാചിത്രം നീക്കം ചെയ്തില്ലെങ്കിൽ വീട്ടിൽ നിന്ന് പുറത്താക്കുമെന്ന് വീട്ടുടമസ്ഥർ ഭീഷണിപ്പെടുത്തിയതായി ഇയാൾ പരാതിപ്പെട്ടിരുന്നു.

Tags:    
News Summary - PM Modi's photo removed from panchayat office in Tamil Nadu's Coimbatore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.