രാഹുൽ ഗാന്ധി
ന്യൂഡൽഹി: ബി.ജെ.പിക്കെതിരായ വോട്ട് മോഷണ ആരോപണം കൂടുതൽ ശക്തമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വോട്ടുകൾ മോഷ്ടിച്ചാണ് മോദി പ്രധാനമന്ത്രിയായത്. ഇക്കാര്യം ജെൻ സി തലമുറയെ ബോധ്യപ്പെടുത്തുമെന്ന് രാഹുൽ വ്യക്തമാക്കി. ഹരിയാനയിൽ വോട്ട് മോഷണം ആരോപിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് രാഹുലിന്റെ പ്രസ്താവന.
ഞങ്ങളുടെ കൈയിൽ ഒരുപാട് തെളിവുകളുണ്ട്. അതുമായി മുന്നോട്ട് പോകും. വോട്ട് മോഷ്ടിച്ചാണ് മോദി പ്രധാനമന്ത്രിയായതെന്ന് ജെൻ സിയെ ബോധ്യപ്പെടുത്തും. കാര്യങ്ങൾ കൃത്യമായ പറയുമെന്നും അതിൽ ഒരു സംശയവും വേണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഹരിയാനയിൽ നടന്നത് ഒരു തെരഞ്ഞെടുപ്പല്ല.
മോഷണത്തിന്റെ മൊത്തക്കച്ചവടമാണ് അവിടെ നടന്നത്. ആരോപണങ്ങൾ വന്നിട്ടും തെരഞ്ഞെടുപ്പ് കമീഷൻ മൗനം പാലിക്കുകയാണ്. ചില ചെറിയ ഉദാഹരണങ്ങളെ കുറിച്ച് മാത്രമേ മാധ്യമങ്ങൾ അന്വേഷണം നടത്തുന്നുള്ളുവെന്നും രാഹുൽ പറഞ്ഞു. ഹരിയാനയിൽ ചെയ്തത് തന്നെയാണ് അവർ ബിഹാറിലും ചെയ്യാൻ പോകുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
അതേസമയം, രാഹുലിനെതിരെ ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി രംഗത്തെത്തി. ഭരണഘടനക്കുള്ള ഭീഷണിയാണ് രാഹുലെന്ന് അദ്ദേഹം പറഞ്ഞു. തുടർച്ചയായി രാഹുൽ നുണപറയുകയാണെന്നും ബി.ജെ.പി ആരോപിച്ചു.
ഒരു സംസ്ഥാനം തന്നെ തട്ടിയെടുത്ത ഏറ്റവും വലിയ വോട്ട് കൊള്ളക്കാണ് ഹരിയാന അസംബ്ലി തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചതെന്ന് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. 25 ലക്ഷം കള്ളവോട്ടുകളാണ് ഹരിയാന തെരഞ്ഞെടുപ്പിൽ പോൾ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.