ജമ്മു കശ്മീരിൽ 46,000 കോടിയുടെ വികസന പദ്ധതികൾ; ചെനാബ് പാലവും വന്ദേ ഭാരതും പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്രയിൽ 46,000 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിക്കും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ കമാന പാലമായ ചെനാബ് പാലത്തിന്റെ ഉദ്ഘാടനവും കത്രയ്ക്കും ശ്രീനഗറിനും ഇടയിലുള്ള വന്ദേ ഭാരത് ട്രെയിനുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.

പാകിസ്താനിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറിനു ശേഷം പ്രധാനമന്ത്രി മോദിയുടെ ആദ്യ ജമ്മു കശ്മീർ സന്ദർശനമാണിത്.

'നാളെ ജമ്മു കശ്മീരിലെ എന്റെ സഹോദരി സഹോദരന്മാർക്ക് തീർച്ചയായും പ്രത്യേക ദിവസമായിരിക്കും.' ഇന്നലെ എക്‌സിലെ പോസ്റ്റിൽ മോദി പറഞ്ഞു. 'വാസ്തുവിദ്യയുടെ അസാധാരണ നേട്ടം എന്നതിനപ്പുറം ചെനാബ് റെയിൽ പാലം ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള ബന്ധം മെച്ചപ്പെടുത്തും. വെല്ലുവിളി നിറഞ്ഞ ഒരു ഭൂപ്രകൃതിയിൽ ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേഡ് റെയിൽ പാലമായി അഞ്ജി പാലവും ഉയർന്നുനിൽക്കുന്നു.' അദ്ദേഹം കൂട്ടിച്ചേർത്തു. മാതാ വൈഷ്ണോദേവി ക്ഷേത്രം സന്ദർശിക്കുന്ന തീർഥാടകർക്കുള്ള ബേസ് ക്യാമ്പായ കത്രയിൽ 46,000 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് മോദി തുടക്കം കുറിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

രാവിലെ 11 മണിക്ക് മോദി ചെനാബ് പാലം ഉദ്ഘാടനം ചെയ്യും. തുടർന്ന് അഞ്ജി പാലം സന്ദർശിച്ച് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12 മണിയോടെ വന്ദേ ഭാരത് ട്രെയിനുകളും ഫ്ലാഗ് ഓഫ് ചെയ്യും. കത്രയ്ക്കും ശ്രീനഗറിനുമിടയിൽ പകൽ സമയത്ത് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ നാല് ട്രിപ്പുകൾ നടത്തുമെന്ന് നോർത്തേൺ റെയിൽവേ അറിയിച്ചു. 

Tags:    
News Summary - PM Modi to launch Kashmir's first train to rest of India, world's highest railway bridge over Chenab today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.