ചെലവുചുരുക്കൽ ആഹ്വാനത്തിന് പിന്നാലെ സുരക്ഷാ വാഹനവ്യൂഹം പകുതിയായി കുറച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഭരണതലത്തിൽ ചെലവുചുരുക്കൽ നടപടികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഔദ്യോഗിക സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി കുറക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി. ഇന്ധന ഉപയോഗം കുറക്കാനും ആഡംബരങ്ങൾ ഒഴിവാക്കി മാതൃകയാകാനും മറ്റ് മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും മോദി സന്ദേശം നൽകി.

പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനോടാണ് (എസ്.പി.ജി) നിലവിലെ വാഹനങ്ങളുടെ എണ്ണത്തിൽ 50 ശതമാനം കുറവ് വരുത്താൻ ആവശ്യപ്പെട്ടത്. സുരക്ഷാ മാനദണ്ഡങ്ങൾ അടങ്ങിയ ബ്ലൂ ബുക്കിലെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടുതന്നെ മാറ്റങ്ങൾ നടപ്പിലാക്കാൻ എസ്.പി.ജി നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. വാഹനവ്യൂഹത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും പ്രധാനമന്ത്രി താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ഈ നീക്കം മറ്റ് സർക്കാർ വകുപ്പുകളിലേക്കും ബാധിക്കുമെന്നാണ് കരുതുന്നത്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ വിവിധ മന്ത്രാലയങ്ങൾ ചെലവുചുരുക്കൽ നടപടികളിലേക്ക് കടക്കും. കഴിഞ്ഞ ഞായറാഴ്ച ഹൈദരാബാദ് സന്ദർശന വേളയിലാണ് സ്വർണ്ണത്തിന്റെയും ഇന്ധനത്തിന്റെയും ഉപഭോഗം കുറക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തത്. ഇതിനു പിന്നാലെയാണ് സ്വന്തം സുരക്ഷാ വിഭാഗത്തിൽ നിന്നുതന്നെ മേവദി മാറ്റങ്ങൾക്ക് തുടക്കമിട്ടത്. അനാവശ്യ യാത്രകൾ ഒഴിവാക്കി ഇന്ധന ഉപഭോഗം കുറക്കുന്നതിനെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതി ചർച്ച ചെയ്തിട്ടുണ്ട്.

എന്നാൽ സർക്കാരിന്റെ സാമ്പത്തിക പരാജയങ്ങൾ മറച്ചുവെക്കാൻ ജനങ്ങൾ സ്വന്തം ജീവിതസൗകര്യങ്ങൾ ത്യജിക്കണമെന്ന വിചിത്രമായ വാദമാണ് ഇത്. പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ സർക്കാർ ഉദ്യോഗസ്ഥർ മെട്രോ ട്രെയിനുകളെ ആശ്രയിക്കണമെന്നും കാർപൂളിങ് നടത്തണമെന്നുമുള്ള നിർദ്ദേശങ്ങൾ വരുന്നത് ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറക്കാനുള്ള നീക്കമായാണ് കാണുന്നത്. അത്യാവശ്യ യാത്രകൾ പോലും ഇന്ധന ലാഭത്തിന്റെ പേരിൽ തടയപ്പെടുന്നത് ഭരണപരമായ സ്തംഭനത്തിന് വഴിവെക്കും.ജനങ്ങൾക്ക് നൽകേണ്ട ആശ്വാസ നടപടികളെക്കുറിച്ച് മിണ്ടാതെ അവരോട് കൂടുതൽ 'ത്യാഗം' ചെയ്യാൻ ആവശ്യപ്പെടുന്ന പ്രധാനമന്ത്രിയുടെ നിലപാട് കടുത്ത വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

Tags:    
News Summary - PM Modi tells SPG to cut convoy by half, govt depts to adopt austerity measures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.