യുക്രെയ്ൻ പ്രതിസന്ധി പ്രതിപക്ഷം രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

വാരണാസി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചാരണത്തിനിടെ യുക്രെയ്ൻ വിഷയത്തിൽ പ്രതിപക്ഷത്തിന്‍റെ സമീപനത്തെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്‍റെ ലോക്സഭ മണ്ഡലമായ വാരണാസിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

യുക്രെയ്ൻ വിഷയം പ്രതിപക്ഷം രാഷ്ട്രീയവൽക്കരിക്കുകയാണെന്നാരോപിച്ച പ്രധാനമന്ത്രി രാജവംശങ്ങൾ എപ്പോഴും അവരുടെ സ്വാർഥതാൽപ്പര്യങ്ങൾ സംരക്ഷിക്കാൻ അവസരങ്ങൾ തേടുന്നതായി ആരോപിച്ചു. അന്ധമായ എതിർപ്പ്, കടുത്ത നിരാശ, നിഷേധാത്മകത എന്നിവ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രമായി മാറിയതായി പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

രാജ്യം വെല്ലുവിളികൾ നേരിടുന്ന സാഹചര്യങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ അവരുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കുമെന്നും കോവിഡ് വ്യാപന സമയത്തും ഇതേ പ്രതിസന്ധി തങ്ങൾ നേരിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ കാലതാമസം ഉണ്ടായെന്നാരോപിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ 'ഓപ്പറേഷൻ ഗംഗ'ക്കെതിരേയും കേന്ദ്രത്തിനെതിരെയും ആരോപണമുന്നയിച്ചിരുന്നു.

കഴിഞ്ഞ രണ്ട് വർഷമായി 80 കോടിയിലധികം ദരിദ്രർക്കും, ദലിതർക്കും,ആദിവാസികൾക്കും സൗജന്യ റേഷൻ ലഭ്യമാക്കി വരികയാണെന്നും പാവപ്പെട്ടവർ സന്തുഷ്ടരായതിൽ തനിക്ക് സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags:    
News Summary - PM Modi Slams Opposition for politicizing the Ukraine crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.