‘ യുദ്ധം രൂക്ഷം: കോവിഡ് കാലത്തിന് സമാനമായ രീതിയിൽ ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കണം’ -ഏഴിന നിർദ്ദേശങ്ങൾ വീണ്ടും ആവർത്തിച്ച് മോദി

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് കർശനമായ സ്വയം നിയന്ത്രണവും മിതവ്യയവും പാലിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വഡോദരയിൽ സർദാർ ധാം ഹോസ്റ്റൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം നിർണായകമായ ഏഴ് നിർദ്ദേശങ്ങൾ വീണ്ടും മുന്നോട്ടുവെച്ചത്.

ലോകം സമീപകാലത്ത് കണ്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് പശ്ചിമേഷ്യയിലേതെന്നും എന്നാൽ രാജ്യം ഇതിനെ അതിജീവിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോവിഡ് കാലത്തിന് സമാനമായ രീതിയിൽ ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

പെട്രോൾ, ഡീസൽ എന്നിവയുടെ ഉപയോഗം പരമാവധി കുറക്കുക, യാത്രകൾക്കായി പൊതുഗതാഗത സംവിധാനങ്ങളോ ഇലക്ട്രിക് വാഹനങ്ങളോ ഉപയോഗിക്കുക, ഇന്ധന ഉപഭോഗം കുറക്കുന്നതിനായി സാധ്യമായ ഇടങ്ങളിലെല്ലാം ‘വർക്ക് ഫ്രം ഹോം’ രീതി പ്രോത്സാഹിപ്പിക്കുക, അത്യാവശ്യമല്ലാത്ത വിദേശ യാത്രകൾ ഒഴിവാക്കി വിദേശനാണ്യ ശേഖരം സംരക്ഷിക്കുക, സ്വർണ വാങ്ങുന്നത് താൽക്കാലികമായി മാറ്റിവെക്കുക, സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർ കാർപൂളിങ് പോലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക, ഊർജ്ജ ഉപയോഗത്തിൽ അതീവ ജാഗ്രത പുലർത്തുക എന്നിവയാണ് ​അദ്ദേഹം മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ.

അതേസമയം, പ്രധാനമന്ത്രിയുടെ പ്രസ്താവന ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ ചലനമുണ്ടാക്കി. നിക്ഷേപകർക്ക് ഒരൊറ്റ ദിവസം കൊണ്ട് ഏകദേശം 6.52 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്.

Tags:    
News Summary - PM Modi Lists 7 Austerity Steps as West Asia War Escalates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.