ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിലുണ്ടായ ഗുരുതര സുരക്ഷാ വീഴ്ചക്ക് പിന്നാലെ എയർ ഇന്ത്യയിലെ എല്ലാ പൈലറ്റുമാരെയും നിർബന്ധിത ലഹരി പരിശോധനക്ക് വിധേയമാക്കാൻ തീരുമാനം. കൂടുതൽ കർശനമായ പരിശോധനാ സംവിധാനമാണ് എയർ ഇന്ത്യ നടപ്പാക്കുക. എല്ലാ പൈലറ്റുമാരെയും നിർബന്ധിത പരിശോധനക്ക് വിധേയരാക്കും. പരിശോധന വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്നാണ് വിവരം.
ആഗസ്റ്റ് നാലിനാണ് ഫുക്കറ്റ് -ഡൽഹി സർവീസിനിടെ വിമാനം പെട്ടെന്ന് ഏകദേശം 300 അടി താഴേക്ക് പതിച്ചത്. ഒഡീഷക്ക് മുകളിലൂടെ പറക്കുന്നതിനിടയിൽ വിമാനം ഏകദേശം അഞ്ച് മിനിറ്റോളം ശക്തമായ ചുഴിയിൽ അകപ്പെടുകയും പെട്ടെന്ന് 300 അടി താഴ്ചയിലേക്ക് പതിക്കുകയുമായിരുന്നു. സംഭവത്തിൽ യാത്രക്കാരും ജീവനക്കാരുമടക്കം 24 പേർക്ക് പരിക്കേറ്റിരുന്നു. അപകടത്തെ തുടർന്ന് വിമാനത്തിന്റെ ക്യാപ്റ്റനും സഹപൈലറ്റും പരിശോധനക്ക് വിധേയരായി. ക്യാപ്റ്റന്റെ ലഹരി പരിശോധനയിൽ നിരോധിത ലഹരി വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
സംഭവത്തിന് പിന്നാലെ വിമാനത്തിന്റെ ക്യാപ്റ്റനെയും സഹപൈലറ്റിനെയും അന്വേഷണവിധേയമായി ഡ്യൂട്ടിയിൽ നിന്ന് മാറ്റിയിരുന്നു. അപ്രതീക്ഷിത വിമാന അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം നടത്തിവരികയാണ്.
പൈലറ്റുമാർ നിരോധിത ലഹരി വസ്തുക്കളോ നിലവിലെ വ്യോമയാന ചട്ടങ്ങൾ അനുവദിക്കാത്ത മരുന്നുകളോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് പുതിയ പരിശോധനയുടെ ലക്ഷ്യം. സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എല്ലാ പൈലറ്റുമാരെയും പരിശോധനക്ക് വിധേയരാക്കാനുള്ള തീരുമാനം. സംഭവത്തെ തുടർന്ന് പൈലറ്റിന്റെ ആരോഗ്യവും ക്ഷീണവും ഉറക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷണത്തിൽ പരിശോധിക്കും.
അതേസമയം, വിമാനങ്ങളുടെ പ്രവർത്തനങ്ങളിലെ മേൽനോട്ടം ശക്തമാക്കണമെന്നും സുരക്ഷയുടെ കാര്യത്തിൽ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കേന്ദ്ര സർക്കാർ എയർ ഇന്ത്യക്ക് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. മയക്കുമരുന്ന് പരിശോധനാ നിയമങ്ങൾ വേഗത്തിൽ പരിഷ്കരിക്കാനും നിർബന്ധിത പരിശോധനക്ക് വിധേയമാകുന്ന ജീവനക്കാരുടെ ശതമാനം വർധിപ്പിക്കാനും വ്യോമയാന മന്ത്രാലയം ഡി.ജി.സി.എയോട് ഉത്തരവിട്ടു. കൂടാതെ, യഥാർഥ മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കെതിരെ ശക്തമായ പിഴയിടാനും, മറ്റു മരുന്നുകൾ കാരണം പരിശോധനാഫലം പോസിറ്റീവാകുന്നവർക്ക് കൂടുതൽ അവസരങ്ങൾ നൽകാനും വ്യോമയാന റെഗുലേറ്റർക്ക് നിർദ്ദേശം നൽകി.
അതേസമയം വ്യക്തിപരമായ പ്രശ്നങ്ങൾ കാരണം ഡോക്ടറുടെ കുറിപ്പടി പ്രകാരം ഉറക്കഗുളികകൾ കഴിച്ചതാണ് പരിശോധനാഫലം പോസിറ്റീവാകാൻ കാരണമെന്നാണ് പൈലറ്റ് അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചിട്ടുള്ളത്. എന്നാൽ കാബിൻ ക്രൂ അംഗങ്ങൾ അദ്ദേഹത്തിന്റെ വിമാനത്തിലെ പെരുമാറ്റത്തിനെതിരെ പരാതി ഉന്നയിച്ചതും ഈ വിഷയത്തിന്റെ ഗൗരവം വർധിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.