ന്യൂഡൽഹി: ക്വിറ്റ് ഇന്ത്യാ വാർഷിക വേളയിൽ മഹാത്മാ ഗാന്ധിയെ പ്രശംസിച്ച് രംഗത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചരിത്രത്തിലെ പല എതിർപ്പുകളും ഓർമിപ്പിച്ച് ജയറാം രമേശിന്റെ സമൂഹ മാധ്യമ പോസ്റ്റ്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരുടെ ധൈര്യത്തെയും മോദി പ്രശംസിച്ചപ്പോൾ, 1942ലെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ ആർ.എസ്.എസ് എതിർത്തിരുന്നുവെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ഓർമിപ്പിച്ചു.
‘ബാപ്പുവിന്റെ പ്രചോദനാത്മകമായ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ പങ്കെടുത്ത എല്ലാ ധീരന്മാരെയും ഞങ്ങൾ അഗാധമായ നന്ദിയോടെ ഓർക്കുന്നു. അവരുടെ ധൈര്യം സ്വാതന്ത്ര്യത്തിനായുള്ള അന്വേഷണത്തിൽ എണ്ണമറ്റ ആളുകളെ ഒന്നിപ്പിച്ച ദേശസ്‌നേഹത്തിന്റെ ഒരു തീപ്പൊരി കത്തിച്ചു’ പ്രസ്ഥാനത്തിന്റെ വാർഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ മോദി പറഞ്ഞു.
‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക‘ എന്ന ആഹ്വാനത്തോടെ 1942 ആഗസ്റ്റിൽ മഹാത്മാഗാന്ധി ആരംഭിച്ച ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ബ്രിട്ടീഷ് ഭരണം ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ആരംഭിച്ച ഉടൻ തന്നെ മിക്കവാറും മുഴുവൻ കോൺഗ്രസ് നേതൃത്വത്തെയും കൊളോണിയൽ അധികാരികൾ അറസ്റ്റ് ചെയ്തു.
1942 ആഗസ്റ്റ് 8ന് രാത്രി വൈകി അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് തന്റെ തുടർച്ചയായ പോസ്റ്റുകളിൽ അനുസ്മരിച്ചു. ‘അതിനുശേഷം മഹാത്മാഗാന്ധി ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചുകൊണ്ട് തന്റെ ഐക്കണിക് വാക്യമായ ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന പ്രസംഗം നടത്തി.
1942 ആഗസ്റ്റ് 9ന് അതിരാവിലെ തന്നെ കോൺഗ്രസിന്റെ ഉന്നത നേതൃത്വത്തെ ജയിലിലടച്ചു. ഗാന്ധിജിയെ 1944 മെയ് 6 വരെ പുണെയിലെ ആഗാ ഖാൻ കൊട്ടാരത്തിൽ തടവിലാക്കി. നെഹ്‌റു, പട്ടേൽ, ആസാദ്, പന്ത് അടക്കമുള്ളവരെ അഹമ്മദ്‌നഗർ ഫോർട്ട് ജയിലിലേക്ക് കൊണ്ടുപോയി. അവിടെ അവർ 1945 മാർച്ച് 28 വരെ തുടർന്നു’- അദ്ദേഹം പറഞ്ഞു.
ജവഹർലാൽ നെഹ്‌റുവിന് ഇത് ഒമ്പതാമത്തെ തടവായിരുന്നുവെന്നും 1921 നും 1945 നും ഇടയിൽ അദ്ദേഹം ആകെ ഒമ്പത് വർഷം ജയിലിൽ കഴിഞ്ഞെന്നും ജയറാംരമേശ് കുറിച്ചു. അഹമ്മദ്‌നഗർ ഫോർട്ട് ജയിലിലാണ് നെഹ്‌റു ‘ദി ഡിസ്കവറി ഓഫ് ഇന്ത്യ’ എഴുതിയത്.
കോൺഗ്രസ് നേതൃത്വം മുഴുവൻ ജയിലിൽ കിടക്കുകയും രാജ്യം മുഴുവൻ ഇളകിമറിയുകയും ചെയ്തപ്പോൾ, ആർ.എസ്.എസ് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ ശക്തമായി എതിർത്തു. ഏഴു വർഷത്തിന് ശേഷം അത് ഇന്ത്യൻ ഭരണഘടനയെയും എതിർക്കുകയായിരുന്നു. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തോടുള്ള ആർ.എസ്.എസ് എതിർപ്പ് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അത് വി.ഡി. സവർക്കറുടെ ഹിന്ദു മഹാസഭയുടെ പക്ഷം ചേർന്നു.
അതിൽ നേതാജി സുഭാഷ് ചന്ദ്രബോസിന് വെറുപ്പ് തോന്നി. 1942 ഓഗസ്റ്റ് 17 ന് റേഡിയോയിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘ജിന്നയോടും സവർക്കറോടും ബ്രിട്ടീഷുകാരുമായി ഒരു വിട്ടുവീഴ്ചയെക്കുറിച്ച് ഇപ്പോഴും ചിന്തിക്കുന്ന എല്ലാ നേതാക്കളോടും നാളെ ലോകത്ത് ബ്രിട്ടീഷ് സാമ്രാജ്യം ഉണ്ടാകില്ലെന്ന് ഒരിക്കൽ കൂടി മനസ്സിലാക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു... ഇങ്ക്വിലാബ് സിന്ദാബാദ്.’
ബി.ജെ.പിയുടെ ഉത്ഭവസ്ഥാനമായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകനായ ശ്യാമ പ്രസാദ് മുഖർജിയും 1942ലെ പ്രസ്ഥാനത്തെ എതിർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.