താജ്മഹലുണ്ടാക്കിയത് തേജോ മഹാലയ ശിവക്ഷേത്രം പൊളിച്ചെന്ന്; പരിശോധിക്കാൻ കോടതിയിൽ ഹരജി

ലഖ്നോ: താജ്മഹലുണ്ടാക്കിയത് തേജോ മഹാലയ ശിവക്ഷേത്രം പൊളിച്ചാണോ എന്നത് പരിശോധിക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നോ ബഞ്ചിൽ ഹരജി സമർപ്പിച്ചു. ബി.ജെ.പി അയോധ്യ യൂനിറ്റിന്റെ മീഡിയ ചുമതല വഹിക്കുന്നു ഡോ. രജനീഷ് സിങാണ് ഹരജി സമർപ്പിച്ചത്. മുഗൾ ചക്രവർത്തിയായ ഷാജഹാന്റെ കാലത്ത് താജ്മഹലിനുള്ളിൽ ഒളിപ്പിച്ചുവെച്ച വിഗ്രഹങ്ങളും ലിഖിതങ്ങളും കണ്ടെടുത്ത് ചരിത്ര സത്യങ്ങൾ വെളിപ്പെടുത്താന്‍ അന്വേഷണസമിതിയെ രൂപവത്കരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

തേജോ മഹാലയ എന്നറിയപ്പെടുന്ന ഒരു പഴയ ശിവക്ഷേത്രമാണ് പിന്നീട് താജ്മഹലായി മാറിയതെന്നാണ് ഹരജിക്കാരനുവേണ്ടി ഹാജരാകുന്ന അഭിഭാഷകനായ രുദ്ര വിക്രം സിങ് പറയുന്നത്. എ.ഡി 1212ൽ തേജോ മഹാലയ ക്ഷേത്രം രാജാ പരമർദി ദേവ് നിർമിച്ചതായി പല ചരിത്ര പുസ്തകങ്ങളിലും പരാമർശിക്കുന്നുണ്ടെന്നും ഈ ക്ഷേത്രം പിന്നീട് ജയ്പൂർ മഹാരാജാവായിരുന്ന രാജ മാൻ സിങ്ങിന് അവകാശമായി ലഭിച്ചതായും അദ്ദേഹം പറയുന്നു. പിന്നീട് ഇത് രാജാജയ് സിങ് കൈവശപ്പെടുത്തുകയും 1632-ൽ ഷാജഹാൻ ഭാര്യയുടെ സ്മാരകമാക്കി മാറ്റുകയും ചെയ്തതായും ഹരജിയിൽ പറയുന്നു.

കൂടാതെ താജ്മഹലിന്‍റെ പേരിനെക്കുറിച്ചുള്ള സംശയങ്ങളും വാദത്തിൽ ഉന്നയിക്കുന്നുണ്ട്. ഷാജഹാന്റെ ഭാര്യ മുംതാസ് മഹലിന്റെ പേര് അടിസ്ഥാനമാക്കിയാണ് താജ്മഹലിന്റെ പേര് വന്നതെന്നാണ് പറയപ്പെടുന്നത്. എന്നാൽ പല പുസ്തകങ്ങളിലും ഷാജഹാന്റെ ഭാര്യയുടെ പേര് മുംതാസ് മഹലല്ലെന്നും പകരം മുംതാസ്-ഉൽ-സമാനി എന്നാണെന്നും ഒരു ശവകുടീരത്തിന്റെ നിർമാണം പൂർത്തിയാകാൻ 22 വർഷമെടുത്തുവെന്ന് പറയുന്നത് തികച്ചും അസംബന്ധമാണെന്നും ഹരജിയിൽ പറയുന്നു.

താജ്മഹലിന്റെ മുകളിലും താഴെയുമായി 20 മുറികൾ ശാശ്വതമായി പൂട്ടിയിരിക്കുകയാണെന്നും ഇത് തുറക്കാന്‍ പുരാവസ്ഥു വകുപ്പിന് നിർദേശം നൽകണമെന്നും രുദ്ര വിക്രം സിങ് പറഞ്ഞു. പല ചരിത്രകാരന്‍മാരും ഹിന്ദു വിശ്വാസികളും ആ മുറികളിൽ ശിവക്ഷേത്രം ഉണ്ടെന്ന് വിശ്വസിക്കുന്നതായും സിങ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Plea seeks to ascertain if Taj Mahal is Tejo Mahalaya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.