എൻ.ടി.എ പുനസംഘടിപ്പിക്കണം, പുനപരീക്ഷക്ക് ജുഡീഷ്യൽ മേൽനോട്ടം വേണം; നീറ്റ് റദ്ദാക്കലിൽ സുപ്രീം കോടതിയിൽ ഹരജി

ന്യൂഡൽഹി: രാജ്യത്ത് മെഡിക്കൽ പ്രവേശനത്തിനുള്ള നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന് പരീക്ഷ നടത്തുന്ന നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) മാറ്റിസ്ഥാപിക്കുകയോ പുനസംഘടിപ്പിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഒരു ഹരജി. പരീക്ഷ നടത്തുന്നതിൽ എൻ.ടി.എയുടെ പരാജയം ചോദ്യം ചെയ്ത് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ (ഫെയ്മ)യാണ് സുപ്രീം കോടതിയെ സമീപിച്ചത്.

എൻ.ടി.എ മാറ്റിസ്ഥാപിക്കാനോ അടിസ്ഥാനപരമായി പുനസംഘടിപ്പിക്കാനോ ചെയ്യാനും ജുഡീഷ്യൽ മേൽനോട്ടത്തിൽ പുതിയ നീറ്റ് പരീക്ഷ നടത്താനും കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം. അഭിഭാഷകൻ തൻവി ദുബെ മുഖേനയാണ് ഹരജി സമർപ്പിച്ചത്. എൻ.ടി.എ കൂടുതൽ കരുത്തുറ്റതും സാങ്കേതികമായി പുരോഗമിച്ചതും സ്വയംഭരണാധികാരമുള്ളതുമായ സ്ഥാപനമാക്കി പുനസംഘടിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. പുതിയ സ്വതന്ത്ര പരീക്ഷാ സമിതി ഔപചാരികമായി രൂപീകരിക്കുന്നതുവരെ നീറ്റ് റീ ടെസ്റ്റ് നടത്തിപ്പിന് മേൽനോട്ടം വഹിക്കാൻ വിരമിച്ച സുപ്രീം കോടതി ജഡ്ജി ചെയർമാനായ ഉന്നതാധികാര മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കിയത് ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലും ആശങ്കയിലുമാക്കിയിരിക്കുകയാണ്. 23 ലക്ഷത്തോളം കുട്ടികളാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതിയിരുന്നത്. പുനപരീക്ഷയുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല. വിവിധ സംസ്ഥാനങ്ങളിൽ ചോദ്യപ്പേപ്പർ ചോർന്നു ലഭിച്ചുവെന്നാണ് ആരോപണം.

കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ഊഹ പേപ്പറിലെ 130 ചോദ്യങ്ങൾ യഥാർഥ പരീക്ഷാ പേപ്പറിൽ ഉൾപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

Tags:    
News Summary - Plea in Supreme Court to replace or restructure NTA after NEET-UG paper leak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.