പ്ലാറ്റ്ഫോം മാറ്റിയിട്ടില്ല: തിക്കിലും തിരക്കിലുംപെട്ട് 18 പേർ മരിച്ചതിൽ വിശദീകരണവുമായി റെയിൽവേ

ന്യൂഡൽഹി: ശനിയാഴ്ച വൈകീട്ട് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 യാത്രക്കാർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ഇന്ത്യൻ റെയിൽവേ. ശനിയാഴ്ച രാത്രി 9.55 ഓടെയാണ് പ്രയാഗ്‌രാജിലേക്കുള്ള ട്രെയിനുകളിൽ കയറാൻ യാത്രക്കാരുടെ വലിയ സംഘം തിക്കിലും തിരക്കിലും പെട്ടത്. ട്രെയിനുകൾ റദ്ദാക്കിയിട്ടില്ലെന്നും പ്ലാറ്റ്‌ഫോം മാറ്റം പ്രഖ്യാപിച്ചിട്ടില്ലെന്നുമാണ് ഇന്ത്യൻ റെയിൽവേ ഞായറാഴ്ച വിശദീകരണം നൽകിയത്.

എന്നാൽ പൊലീസ് പങ്കുവെച്ച വിവരത്തിൽ ഒരേപേരിലുള്ള രണ്ട് ട്രെയിനുകളുണ്ടാക്കിയ ആശയക്കുഴപ്പമാണ് കാരണമെന്ന് പറയുന്നു. പ്രയാഗ്‌രാജ് എക്‌സ്പ്രസിൽ കയറാൻ 14-ാം നമ്പർ പ്ലാറ്റ്‌ഫോമിൽ മഹാ കുംഭമേളക്ക് എത്തിയ ഭക്തർ ഒത്തുകൂടിയപ്പോഴാണ് തിക്കിലും തിരക്കിലും പെട്ടതെന്ന് നോർത്തേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ ഹിമാൻഷു ശേഖർ ഉപാധ്യായ ഇന്ത്യാ ടുഡേ ടി.വിയോട് പറഞ്ഞു. ‘ഷെഡ്യൂൾ ചെയ്ത ഒരു ട്രെയിനിന്റെയും പ്ലാറ്റ്‌ഫോം മാറ്റിയിട്ടില്ല. വാസ്തവത്തിൽ, തിരക്ക് നിയന്ത്രിക്കുന്നതിനായി വൈകുന്നേരം അഞ്ച് മുതൽ ആറ് വരെ പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തിയിരുന്നു’ ഉപാധ്യായ പറഞ്ഞു

‘ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലേക്കും തിരിച്ചും 350 മുതൽ 400 വരെ ട്രെയിനുകൾ സർവീസ് നടത്തിയിരുന്നു . എന്നിരുന്നാലും, സംഭവസമയത്ത്, ഒരു വലിയ ജനക്കൂട്ടം പ്ലാറ്റ്‌ഫോം നമ്പർ 14 ൽ നിന്ന് പ്ലാറ്റ്‌ഫോം നമ്പർ 12 ലേക്ക് നടപ്പാതയിലൂടെ നീങ്ങാൻ തുടങ്ങി, ഇതാണ് പ്രശ്നമായത്. അപ്രതീക്ഷിതമായി വലിയൊരു കൂട്ടം ഭക്തരുടെ പെട്ടെന്നുള്ള നീക്കമാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. 14, 15 പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പടികളിൽ നിന്ന് ഒരു യാത്രക്കാരൻ വഴുതി വീണതിനെ തുടർന്ന് സ്ഥിതി നിയന്ത്രണാതീതമായതായും റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, ട്രെയിൻ പുറപ്പെടുന്നതിലെ കാലതാമസവും റെയിൽവേ സ്റ്റേഷനിൽ ഓരോ മണിക്കൂറിലും 1500ലധികം ജനറൽ ടിക്കറ്റുകൾ വിൽക്കുന്നതും കുഴപ്പങ്ങൾ സൃഷ്ടിച്ചിരിക്കാമെന്നും ചില മാധ്യമ-ങൾ റിപ്പോർട്ട് ചെയ്തു. അതിനിടെ, സംഭവത്തിൽ അന്വേഷണം നടത്താൻ റെയിൽവേ മന്ത്രാലയം ഉന്നതതല സമിതി രൂപീകരിച്ചു.

രണ്ട് ഉന്നത ഭരണസംഘ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സമിതി സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് രേഖകളും പരിശോധിക്കും. റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു.

Tags:    
News Summary - Platform not changed: Railways explains 18 dead in stampede

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.