അജിത് പവാർ, വിമാനം തകർന്നുവീണ സ്ഥലം

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ അന്തരിച്ചു

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി അധ്യക്ഷനുമായ അജിത് പവാറും സ്റ്റാഫ് അംഗങ്ങളും ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ അന്തരിച്ചു. 66കാരനായ അജിത് പവാറിനെ അതീവ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച രാവിലെ 8.45ഓടെ അടിയന്തര ലാൻഡിങ്ങിനിടെ വിമാനം തകർന്നുവീഴുകയായിരുന്നു. അജിത് പവാറിന്‍റെ മരണം വാർത്ത ഏജൻസിയായ പി.ടി.ഐ സ്ഥിരീകരിച്ചു.

മുംബൈയിൽനിന്ന് ഇന്ന് പുലർച്ചെ പൊതുപരിപാടിയിൽ പങ്കെടുക്കാനായാണ് അജിത് പവാറും അംഗരക്ഷകർ ഉൾപ്പെടെ മറ്റ് നാലുപേരും സ്വകാര്യ ജെറ്റ് വിമാനത്തിൽ സഞ്ചരിച്ചത്. അപകടത്തിൽപ്പെട്ടവരെ അതീവ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരെയും രക്ഷിക്കാനായില്ല. അജിത് പവാറിന്‍റെ രണ്ട് സ്റ്റാഫ് അംഗങ്ങളും പൈലറ്റ് ഉൾപ്പെടെ രണ്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിനു പിന്നാലെ വിമാനം പൂർണമായും കത്തിനശിച്ചു. ബാരാമതി വിമാനത്താവളത്തിനടുത്തുള്ള ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത്.

സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം ഇടിച്ചിറക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബാരാമതിയിൽ ചില പൊതുയോഗങ്ങളിൽ പങ്കെടുക്കാനാണ് അദ്ദേഹം സ്ഥലത്തെത്തിയത്. സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽ വിമാനത്തിന്റെ ചിന്നിച്ചിതറിയ ഭാഗങ്ങളും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്ന ആംബുലൻസുകളും കാണാം.

സംഭവത്തെ തുടർന്ന് ബാരാമതി വാമാനത്താവളത്തിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. എൽ & എസ് ഏവിയേഷന്റെ പ്രൈവറ്റ് ബിസിനസ് ക്ലാസ് ജെറ്റ് വിമാനമാണ് തകർന്നുവീണത്. ലിയർജെറ്റ് 45XR വിഭാഗത്തിൽപ്പെട്ട വിമാനം പൂർണമായും കത്തിയമർന്നു. ശരദ് പവാറുമായി കലഹിച്ച്, 2023ൽ പാർട്ടി പിളർന്ന് ഭരണപക്ഷത്ത് എത്തിയതു മുതൽ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയാണ് അജിത് പവാർ. മുമ്പും ഉപമുഖ്യമന്ത്രിപദം വഹിച്ചിട്ടുണ്ട്. എട്ട് തവണ നിയമസഭയിലും ഒരുതവണ പാർലമെന്‍റിലും അംഗമായി.

Tags:    
News Summary - Plane carrying Maharashtra Deputy CM Ajit Pawar crashes during landing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.