ഇന്നറിയാം...; കേരളമടക്കം അഞ്ചിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡൽഹി: കേരള നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം. കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് നാലിനാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ വാർത്തസമ്മേളനം.

കേരളത്തിനു പുറമെ, പശ്ചിമ ബംഗാൾ, അസ്സം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിൽ ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനാണ് സാധ്യത. ബംഗാളിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ നീണ്ടുപോയതാണ് പ്രഖ്യാപനം വൈകാൻ കാരണമായത്. ഫെബ്രുവരി 28ന് പ്രസിദ്ധീകരിച്ച ബംഗാളിലെ അന്തിമ വോട്ടർ പട്ടികക്കെതിരെ അപ്പീൽ നൽകാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും.

2021ൽ ബംഗാളിൽ എട്ട് ഘട്ടങ്ങളിലായും അസ്സമ്മിൽ മൂന്ന് ഘട്ടങ്ങളിലായും തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റ ഘട്ടവുമായാണ് വോട്ടെടുപ്പ് നടന്നത്. ഏപ്രിൽ 17നും 24നും ഇടയിലാകും കേരളത്തിൽ വോട്ടെടുപ്പ് എന്നാണ് വിവരം. വിഷു, ഈസ്റ്റർ ആഘോഷങ്ങൾ കൂടി പരിഗണിച്ചാവും തീയതി തീരുമാനിക്കുക. മേയ് ആദ്യവാരമാകും ഫലം പ്രഖ്യാപിച്ചേക്കും. കേരളത്തിൽ 140 സീറ്റുകളിലേക്കും പശ്ചിമ ബംഗാളിൽ 294ഉം തമിഴ്നാട്ടിൽ 234ഉം അസമിൽ 126ഉം പുതുശ്ശേരിയിൽ 30ഉം സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ സന്ദർശനവും പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. ബംഗാളിലും അസ്സമിലും ഒന്നിലധികം ഘട്ടങ്ങളിൽ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. പശ്ചിമ ബംഗാൾ നിയമസഭയുടെ കാലാവധി മേയ് ഏഴിന് അവസാനിക്കുന്നതിനാൽ ഇവിടെ വോട്ടെടുപ്പ് ഏപ്രിൽ മുതൽ മേയ് ആദ്യം വരെ നടക്കാൻ സാധ്യതയുണ്ട്.

കേരളത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ സ്ഥാനാർഥി നിർണയത്തിൽ അന്തിമഘട്ടത്തിലാണ്. പ്രഖ്യാപനം വരുന്നതോടെ സ്ഥാനാർഥി ചർച്ചകൾ വേഗം പൂർത്തിയാക്കി പ്രചാരണത്തിലേക്ക് കടക്കും. സംസ്ഥാനത്ത് എൽ.ഡി.എഫ് മൂന്നാം ഊഴം ലക്ഷ്യമിടുമ്പോൾ, ഇടവേളക്കുശേഷം ഭരണത്തിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് യു.എഡി.എഫ്. അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യവുമായാണ് ബി.ജെ.പി തയാറെടുപ്പുകൾ നടത്തുന്നത്. പശ്ചിമ ബംഗാളിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുമ്പോൾ, തൃണമൂൽ കോൺഗ്രസ് വലിയ ആത്മവിശ്വാസത്തിലാണ്.

Tags:    
News Summary - Assembly election dates for five states, including Kerala, to be announced today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.