ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി, ഫല പ്രഖ്യാപന രീതി പിന്നീട് അറിയിക്കും

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പൂർണമായി റദ്ദാക്കി.

ബഹ്‌റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് തിങ്കളാഴ്ച (മാർച്ച് 16) മുതൽ ഏപ്രിൽ 10 വരെ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് റദ്ദാക്കിയത്. നേരത്തെ മാറ്റിവെച്ച പരീക്ഷകളും ഇതിൽ ഉൾപ്പെടുമെന്ന് സി.ബി.എസ്.ഇ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

ബന്ധപ്പെട്ട രാജ്യങ്ങളിലെ സ്കൂളുകളിൽനിന്നും അധികൃതരിൽനിന്നും ലഭിച്ച അഭിപ്രായങ്ങളും അഭ്യർഥനകളും പരിഗണിച്ചാണ് തീരുമാനം. പരീക്ഷകൾ നടത്തുന്നതിന്റെ സാധ്യത പലതവണ ചർച്ച ചെയ്തു. ഒടുവിലാണ് പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചത്. ഈ രാജ്യങ്ങളിലെ പന്ത്രണ്ടം ക്ലാസ് വിദ്യാർഥികളുടെ ഫല പ്രഖ്യാപന രീതി പിന്നീട് അറിയിക്കുമെന്നും സർക്കുലറിൽ പറയുന്നു. മധ്യേഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെത്തുടർന്ന് സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നീണ്ടുപോകുന്നത് ഗൾഫ് രാജ്യങ്ങളിലെ ആയിരക്കണക്കിന് വിദ്യാർഥികളെ കടുത്ത ആശങ്കയിലാക്കിയിരുന്നു

പരീക്ഷ മാറ്റിവെച്ചത് വിദ്യാർഥികളുടെ തുടർപഠനത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുമോ എന്ന ഭീതിയിലാണ് രക്ഷിതാക്കൾ.

ഏപ്രിൽ പകുതിയോടെ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ സർവകലാശാലകളിൽ പ്രവേശന പരീക്ഷകൾ ആരംഭിക്കും. ബോർഡ് പരീക്ഷകൾ വൈകുന്നത് ഫലപ്രഖ്യാപനത്തെയും ബാധിക്കുമെന്നും ഇത് ഉന്നത പഠനത്തിനുള്ള അപേക്ഷ നടപടികളെ താളംതെറ്റിക്കുമെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടിയിരുന്നു.

പരീക്ഷകൾ മാറ്റിവെച്ചതോടെ പഠനത്തിന്‍റെ തുടർച്ച നഷ്ടപ്പെട്ടതായി വിദ്യാർഥികൾ പരാതിപ്പെടുന്നു. പുതിയ ടൈംടേബിൾ വരുമ്പോൾ വിഷയങ്ങൾക്കിടയിൽ ആവശ്യത്തിന് ഒഴിവുദിനങ്ങൾ ലഭിക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. ഗൾഫ് മേഖലയിലെ പരീക്ഷകൾ റദ്ദാക്കി പകരം ഇന്‍റേണൽ അസസ്‌മെന്‍റ് വഴിയോ മറ്റ് മാനദണ്ഡങ്ങൾ വഴിയോ മാർക്ക് നൽകുകയോ, അല്ലെങ്കിൽ താൽപര്യമുള്ള വിദ്യാർഥികൾക്ക് ഇന്ത്യയിൽ പോയി പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കുകയോ ചെയ്യണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെടുന്നു. പത്താം ക്ലാസ് പരീക്ഷകൾ നിലവിൽ റദ്ദാക്കിയിട്ടുണ്ട്. 

Tags:    
News Summary - CBSE Class 12 Board Exams Cancelled In Middle East Countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.