പിംഗലി വെങ്കയ്യയുടെ സ്മരണയ്ക്കായി പുറത്തിറക്കിയ തപാൽ സ്റ്റാമ്പ്

പിംഗലി വെങ്കയ്യ; ഇന്ത്യൻ ദേശീയ പതാകയുടെ ശിൽപി

ഇന്ത്യ അതിന്റെ 77-ാം സ്വാതന്ത്ര്യദിനം നിറച്ചാർത്തോടുകൂടി ആഘോഷിക്കുമ്പോൾ നമ്മുടെ ത്രിവർണപതാകയുടെ പിറകിലെ യഥാർഥ ശിൽപിയെ നാം മറന്നുകൂട. ആന്ധ്രാപ്രദേശി​ൽ ജനിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ പിംഗലി വെങ്കയ്യ ആണ് ഇന്ത്യൻ ദേശീയ പതാക രൂപകൽപ്പന ചെയ്തത്. പത്തൊമ്പതാം വയസ്സിൽ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ ചേർന്ന അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്ക് നിയോഗിക്കപ്പെട്ടു. യുദ്ധസമയത്ത് ബ്രിട്ടന്റെ യൂണിയൻ ജാക്കിനെ സല്യൂട്ട് ചെയ്യേണ്ടിവന്നപ്പോൾ അഭിമാനത്തോടെ ഇന്ത്യക്കാർക്ക് സല്യൂട്ടു ചെയ്യാൻ സ്വന്തമായി ഒരു പതാകയുടെ ആവശ്യകത അദ്ദേഹം മനസ്സിലാക്കുകയായിരുന്നു.
 1947ൽ സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ് പതാകക്ക് ഏകീകൃത സ്വഭാവം ഉണ്ടായിരുന്നില്ല. 1921 ഏപ്രിൽ ഒന്നിന് വിജയവാഡ സന്ദർശനവേളയിൽ പിംഗലി വെങ്കയ്യ ദേശീയ പതാക രൂപകൽപന ചെയ്യുകയും മഹാത്മാഗാന്ധിക്ക് സമ്മാനിക്കുകയും ചെയ്തു. 1921 മുതൽ എല്ലാ കോൺഗ്രസ് യോഗങ്ങളിലും വെങ്കയ്യയുടെ പതാക അനൗപചാരികമായി ഉപയോഗിച്ചിരുന്നു. 1947 ജൂലൈ 22ന് ഭരണഘടനാ അസംബ്ലിയുടെ യോഗത്തിലാണ് പതാക ഇന്നത്തെ രൂപത്തിൽ അംഗീകരിച്ചത്.
ഇന്ത്യൻ പതാകയ്ക്ക് മഹത്തായ പ്രാധാന്യമുണ്ട്. അത് രാജ്യത്തിന്റെ വൈവിധ്യത്തെ പ്രതിനിധീകരിക്കുന്നു. ദേശീയ പതാകയുടെ കാവി നിറം രാജ്യത്തിന്റെ ശക്തിയെയും ധൈര്യത്തെയും സൂചിപ്പിക്കുന്നു. മധ്യഭാഗത്തെ വെള്ള സമാധാനത്തിന്റെ പ്രതീകമാണ്, പച്ച നിറം ഭൂമിയുടെ ഫലഭൂയിഷ്ഠത, സമൃദ്ധി, ഐശ്വര്യം എന്നിവയെ അടയാളപ്പെടുത്തുന്നു. അതേസമയം, നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ നടത്തിയ ത്യാഗത്തെക്കുറിച്ച് ഓർമപ്പെടുത്തൽകൂടിയാണ് ഇന്ത്യൻ പതാക. മുകളിൽ കുങ്കുമം, നടുവിൽ വെള്ള, താഴെ പച്ച എന്നിങ്ങനെ തുല്യ അനുപാതത്തിലുള്ള തിരശ്ചീന ത്രിവർണ്ണമാണ് നമ്മുടെ പതാക. വെള്ളയുടെ മധ്യഭാഗത്തായി ദേശീയ ചിഹ്നമായ അശോക് ചക്രയും അടങ്ങിയിരിക്കുന്നു. 1947 ജൂലൈ 22 ന് നടന്ന ഭരണഘടനാ അസംബ്ലി യോഗത്തിലാണ് ഇന്ത്യൻ ത്രിവർണ്ണ പതാക ഇന്നത്തെ രൂപത്തിൽ അംഗീകരിച്ചത്.
ത്രിവർണ്ണ പതാകയുമായി ബന്ധപ്പെട്ട് ചില നിയമങ്ങളുണ്ട്. തലയിണ കവറുകൾ, ടേബിൾ കവറുകൾ, ബെഡ്ഷീറ്റുകൾ എന്നിവയായി ഒരിക്കലും പതാക ഉപയോഗിക്കരുത്. ഒരു തരത്തിലും പതാകയെ അനാദരിക്കുകയോ നിന്ദിക്കുകയോ ചെയ്യാൻ പാടില്ല.

ജീവിതം
1876 ഓഗസ്റ്റ് രണ്ടിന് ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനടുത്തുള്ള ബട്‍ല പെനുമാരുവിലാണ് പിംഗലി വെങ്കയ്യ ജനിച്ചത്. ഹനുമന്ത റായിഡുവും വെങ്കട രത്‌നവും ആയിരുന്നു മാതാപിതാക്കൾ. രുക്മിണമ്മയാണ് ഭാര്യ. വെങ്കയ്യ മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് ജിയോളജിയിൽ ഡിപ്ലോമ നേടി . 1911 മുതൽ1944 വരെ മച്ചിലിപട്ടണത്തെ ആന്ധ്രാ നാഷണൽ കോളേജിൽ അധ്യാപകനായി ജോലി ചെയ്തു . ഭൂമിശാസ്ത്രത്തെക്കുറിച്ച് പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്. ജാപ്പനീസ്, ഉർദു അടക്കം നിരവധി ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു. 1921ൽ എ.ഐ.സി.സി സമ്മേളനം മാർച്ച് 31, ഏപ്രിൽ 1 തീയതികളിൽ വിജയവാഡയിൽ സംഘടിപ്പിച്ചു. സമ്മേളനത്തിൽ പതാകയുടെ രൂപരേഖ സമർപ്പിക്കാൻ ഗാന്ധി അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. ആദ്യം ചുവപ്പും പച്ചയും നിറങ്ങളായിരുന്നു പതാകക്കുണ്ടായിരുന്നത്. ഗാന്ധിയുടെ നിർദേശപ്രകാരം അദ്ദേഹം അതിൽ ചില മാറ്റങ്ങൾ വരുത്തി. രാജ്യത്ത് നിലവിലുള്ള എല്ലാ വിഭാഗങ്ങളെയും മതങ്ങളെയും പ്രതിനിധീകരിക്കാൻ വെള്ള നിറംകൂടി ചേർത്തു. 1931-ൽ നിറങ്ങൾ പുനഃക്രമീകരിക്കപ്പെട്ടു. 1921 മുതൽ എല്ലാ കോൺഗ്രസ് യോഗങ്ങളിലും വെങ്കയ്യയുടെ പതാക അനൗപചാരികമായി ഉപയോഗിക്കാൻ തുടങ്ങി. ഗാന്ധിയൻ ആശയങ്ങൾക്കനുസൃതമായി ജീവിച്ച വെങ്കയ്യ 1963ൽ അന്തരിച്ചു. 1916ൽ ‘ഭരത ദേശാനികി ഒക  ദേശീയ പതാകം’ എന്ന പേരിൽ ഒരു പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചു. പിംഗലി വെങ്കയ്യയുടെ സ്മരണയ്ക്കായി 2009ൽ രാജ്യം തപാൽ സ്റ്റാമ്പ് പുറത്തിറക്കി. ആകാശവാണിയുടെ വിജയവാഡ സ്റ്റേഷന് 2014ൽ അദ്ദേഹത്തിന്റെ പേരു നൽകി. 2012ൽ മരണാനന്തര ഭാരതരത്‌നയ്ക്ക് അദ്ദേഹത്തിന്റെ പേര് നിർദ്ദേശിക്കപ്പെട്ടു.


Tags:    
News Summary - Pingali Venkaiah; Sculptor of the Indian National Flag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.