അസദുദ്ദീൻ ഉവൈസി
‘സൗദിയിൽ ഇന്ത്യൻ തീർഥാടകർ കുടുങ്ങിക്കിടക്കുന്നു’; അടിയന്തര ഇടപെടൽ വേണമെന്ന് ഉവൈസി
ന്യൂഡൽഹി: സൗദി അറേബ്യയിലെ മക്കയിലും മദീനയിലും ഏകദേശം 4,000 ഇന്ത്യൻ തീർഥാടകർ കുടുങ്ങിക്കിടക്കുകയാണെന്നും ഇവരെ നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ട് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി.
ഇൻഡിഗോ, ആകാശ എയർ, എയർ ഇന്ത്യ എന്നീ വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കിയതിനെ തുടർന്നാണ് തീർഥാടകർ മക്കയിലും മദീനയിലും കുടുങ്ങിയതെന്നാണ് ഉവൈസിയുടെ ആരോപണം. വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കിയതോടെ തീർഥാടകർക്ക് ഇന്ത്യയിലേക്ക് മടങ്ങാനാകാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോട് (ഡിജിസിഎ) ഉവൈസി ആവശ്യപ്പെട്ടു. തീർഥാടകരെ തിരിച്ചെത്തിക്കുന്നതിനായി കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന വലിയ വിമാനങ്ങൾ സർവീസ് നടത്താൻ വിമാനക്കമ്പനികൾക്ക് അനുമതി നൽകണം. അല്ലെങ്കിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തീർഥാടകരെ സൗദിയിലേക്ക് കൊണ്ടുപോയ ട്രാവൽ ഏജന്റുമാർ അവരെ കൈയൊഴിഞ്ഞതായും ഉവൈസി ആരോപിച്ചു. പ്രതിസന്ധി പരിഹരിക്കുന്നതുവരെ കുടുങ്ങിക്കിടക്കുന്ന തീർഥാടകർക്ക് ആവശ്യമായ സഹായങ്ങളും പിന്തുണയും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എന്നിവരുൾപ്പെടെയുള്ളവർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ഉവൈസി ആവശ്യപ്പെട്ടു. കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ തീർഥാടകരുടെ സുരക്ഷയും മടക്കയാത്രയും ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.