ഹരീഷ്

13 ലക്ഷം ഫോളോവേഴ്സുള്ള ഹരീഷിന്റെ ആത്മഹത്യ: മറ്റൊരു യൂട്യൂബർ അറസ്റ്റിൽ, മൂന്നു കോടി ചോദിച്ച് ഭീഷണിപ്പെടുത്തിയെന്ന് പരാതി

ചെന്നൈ: ഫിനാൻസ് ഇൻഫ്ലുവൻസർ വി. ഹരീഷിന്റെ (27) ആത്മഹത്യയുമായി ബന്ധപ്പെട്ട് യൂട്യൂബർ ജേസൺ സാമുവലിനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. പുതുച്ചേരിയിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ കേസിൽ പൊലീസ് ഇയാളെ ചോദ്യം ചെയ്തുവരുകയാണ്.

ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ‘ഫിനാൻസ് വിത്ത് ഹരീഷ്’ എന്ന പേരിൽ സാമ്പത്തിക കാര്യങ്ങളിൽ ഉപദേശങ്ങൾ നൽകിയിരുന്ന ഹരീഷിന് 13 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ടായിരുന്നു. ഒക്ടോബർ 20ന് ചെന്നൈ മുട്ടുകാടുള്ള വാടക വില്ലയിലാണ് ഹരീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഹരീഷിന്റെ പിതാവ് വിനായകം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ജേസൺ സാമുവൽ തനിക്കെതിരെ അപകീർത്തികരമായ വിഡിയോകൾ പ്രചരിപ്പിച്ചതായും മൂന്നു കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും ഹരീഷ് അവസാന വിഡിയോയിൽ ആരോപിച്ചിരുന്നു. സമൂഹമാധ്യമ അക്കൗണ്ടുകൾ നഷ്ടപ്പെട്ടതും തുടർച്ചയായ സൈബർ ആക്രമണങ്ങളും മകനെ കടുത്ത മനോസമ്മർദത്തിലാക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം.

എന്നാൽ, ആരോപണങ്ങൾ ജേസൺ സാമുവൽ നിഷേധിച്ചിരുന്നു. ഹരീഷ് ‘സെബി’ രജിസ്ട്രേഷൻ ഇല്ലാതെ സാമ്പത്തിക ഉപദേശം നൽകിയെന്ന കാര്യം ചൂണ്ടിക്കാട്ടുക മാത്രമാണ് താൻ ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

Tags:    
News Summary - Finance influencer Harish death, YouTuber arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.