ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ടു; ബംഗാളിലെ മാൽദയിൽ സംഘർഷം

മാൽദ: പശ്ചിമബംഗാളിലെ മാൽദ ജില്ലയിൽ ബി.ജെ.പി പ്രവർത്തകൻ ക്രൂരമായി കൊല്ലപ്പെട്ടു. 35 കാരനായ സമീർ ഘോഷ് ആണ് കൊല്ലപ്പെട്ടത്. ആദ്യം മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ട് ആക്രമിക്കുകയും പിന്നീട് രണ്ടുതവണ വെടിയുതിർക്കുകയുമായിരുന്നു എന്ന് പൊലീസ് അറിയിച്ചു. ഇംഗ്ലീഷ് ബസാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ രാംകേലി പ്രദേശത്ത് ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

രാഷ്ട്രീയ എതിരാളികളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.

രാഷ്ട്രീയ കാരണങ്ങളാൽ സമീർ ഘോഷ് ഏറെക്കാലമായി വിവിധ ഭീഷണികൾ നേരിട്ടിരുന്നുവെന്നും ഭയം കാരണം അദ്ദേഹം വീടിന് പുറത്തിറങ്ങാറുണ്ടായിരുന്നില്ലെന്നും കൊല്ലപ്പെട്ടയാളുടെ സഹോദരൻ വിവേക് ഘോഷ് വ്യക്തമാക്കി. എന്നാൽ വിജയദശമി ദിവസം അദ്ദേഹം വീട്ടിൽ ഒറ്റക്കായിരുന്നു. ഈ സമയത്ത് 11ഓളം വരുന്ന അക്രമികൾ വീട്ടിൽ അതിക്രമിച്ചുകയറി അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.

കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സംഭവത്തിൽ കുറഞ്ഞത് ആറുപേർക്ക് പരിക്കേറ്റതായും ഇവരെ മാൽദ മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നിരുന്നാലും, പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിപ്പിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അധികൃതർ വ്യക്തമാക്കി.

കൊലപാതകത്തിന്റെ യഥാർഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബന്ധുക്കളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു

News Summary - JP worker, killed, Malda, Bengal, clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.