ഫോട്ടോ കടപ്പാട് ഹിന്ദുസ്ഥാൻ  ടൈംസ്

പശ്ചിമ ബംഗാളിൽ ബി.ജെ.പി പ്രവർത്തകൻ വെടിയേറ്റ് മരിച്ചു; സംഘർഷത്തിൽ ആറ് പേർക്ക് പരിക്ക്

മാൽഡ: പശ്ചിമ ബംഗാളിലെ മാൽഡ ജില്ലയിൽ ബി.ജെ.പി പ്രവർത്തകൻ വെടിയേറ്റ് മരിച്ചു. ബുധനാഴ്ച വൈകുന്നേരം രാംകേലി പ്രദേശത്താണ് സംഭവം. 35കാരനായ സമീർ ഘോഷാണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ അക്രമികൾ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച ശേഷം രണ്ട് തവണ വെടിവച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

സംഭവത്തിന് പിന്നാലെ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാകുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവർക്ക് മാൽഡ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നൽകി. സമീർ ഘോഷിനെ കൊലപ്പെടുത്തിയത് എതിർ രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ളവരാണെന്നാണ് പ്രദേശവാസികളുടെ ആരോപണം. എന്നാൽ കൊലപാതകത്തിന് പിന്നിലെ കാരണം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൂടുതൽ അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു.

ഏകദേശം ഒരു മാസം മുമ്പ് മാൽഡയിലെ നൽദുബി പ്രദേശത്തുണ്ടായ സംഘർഷത്തിൽ അഞ്ച് ബി.ജെ.പി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ടി.എം.സി പഞ്ചായത്ത് അംഗം റിപ്പൺ ബർമൻ ഉൾപ്പെടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറെക്കാലമായി നിലനിന്നിരുന്ന തർക്കമാണ് സംഘർഷത്തിന് കാരണമെന്നാണ് റിപ്പോർട്ട്. ബർമനും അനുയായികളും ബി.ജെ.പി പ്രവർത്തകരെ ആക്രമിച്ചെന്നാണ് ബി.ജെ.പി നേതാക്കളുടെ ആരോപണം. എന്നാൽ ആരോപണം നിഷേധിച്ച ബർമൻ, തന്നെ കേസിൽ കുടുക്കുകയായിരുന്നുവെന്ന് ആരോപിച്ചിരുന്നു.

Tags:    
News Summary - BJP worker shot dead in West Bengal; six injured in clashes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.