‘റൈഹാൻ വദ്ര കോൺഗ്രസിന്റെ ഭാവി പ്രസിഡന്റ്, ഈ വ്യാജ കുടുംബത്തിന് എപ്പോഴും അധികാരം വേണം’; ഗാന്ധി കുടുംബത്തെ അധിക്ഷേപിച്ച് ബിജെപി
ന്യൂഡൽഹി: ഡൽഹി ബിക്കാനീർ ഹൗസിലെ ചിത്രപ്രദർശന വിലക്കിന് പിന്നാലെ ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷമായ അധിക്ഷേപവുമായി ബി.ജെ.പി. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ മകൻ റൈഹാൻ വദ്രയെ രാഷ്ട്രീയത്തിലേക്ക് ഇറക്കാനാണ് കുടുംബം ശ്രമിക്കുന്നതെന്ന് ബി.ജെ.പി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു. റൈഹാനാണ് കോൺഗ്രസിന്റെ ഭാവി പ്രസിഡന്റെന്ന് പാർട്ടിയിലെ ചില നേതാക്കൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. " സോണിയ ഗാന്ധി രാഹുലെന്ന 'വൈകല്യമുള്ള ഉൽപന്നത്തെ' കോൺഗ്രസിൽ ലോഞ്ച് ചെയ്തതിന് പിന്നാലെ, പ്രിയങ്കയുടെ പുതിയ ദൗത്യം മകൻ റൈഹാനെ രാഷ്ട്രീയത്തിലിറക്കുക എന്നതാണ്. അധികാരം തിരിച്ചുപിടിക്കാൻ ഈ വ്യാജ ഗാന്ധി കുടുംബം ഏത് അറ്റം വരെയും പോകും. എന്നാൽ രാജ്യത്ത് നിയമം രാഹുൽ ഗാന്ധിക്കായാലും റൈഹാൻ വദ്രക്കായാലും ഒരുപോലെയാണ്," - ഗൗരവ് ഭാട്ടിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
റൈഹാൻ വദ്രയുടെ 'നോ ഐഡിയ ഈസ് ഫൈനൽ' (No Idea Is Final) എന്ന ചിത്രപ്രദർശനത്തിലെ ഡൽഹിയിലെ യുവാക്കളുടെ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫുകൾ നീക്കാൻ ബിക്കാനീർ ഹൗസ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടതോടെയാണ് വിവാദത്തിന് തുടക്കമായത്. ദേശീയ പതാകയുള്ള ചിത്രങ്ങൾ ഉൾപ്പെടെ മാറ്റാൻ നിർദേശിക്കുകയായിരുന്നു.
നടപടിക്ക് പിന്നിൽ രാഷ്ട്രീയ സമ്മർദമുണ്ടോ എന്ന് ഉറപ്പില്ലെന്ന് റൈഹാൻ വ്യക്തമാക്കി. എന്നാൽ, കലാകാരന്മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയാൻ മാനേജ്‌മെന്റിന് അവകാശമില്ലെന്നും ഏതൊരു രീതിയിലുള്ള സെൻസർഷിപ്പും തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രദർശനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ചിത്രങ്ങൾ മാറ്റണമെന്ന് അധികൃതർ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ചിത്രങ്ങൾ തിരിച്ചുവെച്ചെങ്കിലും അതിനും വിലക്കേർപ്പെടുത്തിയതോടെ അവ മാറ്റാൻ നിർബന്ധിതനാവുകയായിരുന്നു എന്ന് റൈഹാൻ ചൂണ്ടിക്കാട്ടി.
മകന് പിന്തുണയുമായി പ്രിയങ്ക ഗാന്ധിയും ഭർത്താവ് റോബർട്ട് വദ്രയും രംഗത്തെത്തി. "അധികാരത്തിലുള്ളവർ മറ്റൊരാളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഭയപ്പെടുന്നുവെങ്കിൽ, അവർ സംരക്ഷിക്കാൻ ശ്രമിക്കുന്ന അധികാരം ഇതിനകം നഷ്ടപ്പെട്ടുകഴിഞ്ഞു" എന്ന് പ്രിയങ്ക സോഷ്യൽ മീഡിയയായ എക്‌സിൽ (X) കുറിച്ചു. സത്യത്തിന് വേണ്ടി നിലകൊള്ളുന്ന മകനിൽ എപ്പോഴും അഭിമാനമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ബിക്കാനീർ ഹൗസ് അധികൃതരുടേത് വിചിത്രമായ പെരുമാറ്റമാണെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരവും നടപടി പരസ്യമായ സെൻസർഷിപ്പാണെന്ന് പവൻ ഖേരയും വിമർശിച്ചു. തടസ്സങ്ങൾക്കിടയിലും പ്രദർശനം പരിമിതമായ രീതിയിൽ തുടരുമെന്നും എല്ലാ ചിത്രങ്ങളും ഉൾപ്പെടുത്തി അടുത്ത മാസം ബെംഗളൂരുവിൽ പൂർണ തോതിൽ പ്രദർശനം സംഘടിപ്പിക്കുമെന്നും റൈഹാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.