ഡൽഹിയിൽ നാളെ പ്രതിഷേധ മാർച്ച്; ദിപ്കെ, നേഹ ബോറ, പ്രകാശ് രാജ് എന്നിവർക്ക് ക്ഷണം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും എസ്.ഐ.ആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹിയിൽ നാളെ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. 'പീപ്പിൾ എഗെയ്ൻസ്റ്റ് എസ്.ഐ.ആർ’ എന്ന കൂട്ടായ്മയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ന്യൂഡൽഹിയിലുൾപ്പെടെ വിവിധയിടങ്ങളിൽ നടക്കുന്ന മാർച്ചിൽ പങ്കെടുക്കാൻ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെ, ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ദേശീയ അധ്യക്ഷ നേഹ ബോറ, നടൻ പ്രകാശ് രാജ്, അഭിഭാഷകനും രാഷ്ട്രീയ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ, കർഷക നേതാവ് രാകേഷ് ടികായത് തുടങ്ങിയവരെ ക്ഷണിച്ചിട്ടുണ്ട്.

‘ഓരോ കൈയിലും ത്രിവർണ പതാക, ഓരോ തെരുവിലും ജന്തർ മന്തർ’ എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് മാർച്ച് സംഘടിപ്പിക്കുന്നത്. രാജ്യത്തെ ജനാധിപത്യവും തെരഞ്ഞെടുപ്പ് സംവിധാനവും സംരക്ഷിക്കുകയാണ് പ്രതിഷേധത്തിന്റെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കുകയും അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. എസ്.ഐ.ആർ നടപടി റദ്ദാക്കുക, വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തവരുടെ പേരുകൾ പുനഃസ്ഥാപിക്കുക, 2023ലെ തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമത്തിലെ ഭേദഗതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്.

ഇതോടൊപ്പം നിഷ്പക്ഷമായ നടപടിക്രമത്തിലൂടെ പുതിയ തെരഞ്ഞെടുപ്പ് കമീഷനെ നിയമിക്കുക, വോട്ടർപട്ടിക പരിഷ്കരണം നീതിപൂർവമാക്കുക, പേപ്പർ ബാലറ്റ് സംവിധാനം തിരികെ കൊണ്ടുവരിക, തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളിലൂടെ സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുക എന്നിവയും കൂട്ടായ്മയുടെ ആവശ്യങ്ങളാണ്.

അതേസമയം പ്രതിഷേധത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും അഭിജീത് ദിപ്കെയും നേഹ ബോറയും മാർച്ചിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഡൽഹിയിൽ അടുത്തിടെ നടന്ന പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത ഇരുവരും സമാധാനത്തിന് ഭീഷണിയാകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്ന് ഉറപ്പുനൽകി സമാധാന ബോണ്ടിൽ ഒപ്പിട്ടിരുന്നു.

പ്രതിഷേധത്തിന് മുന്നോടിയായി അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ രാജ്യത്തെ ജനാധിപത്യം ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രക്രിയ കൈയടക്കപ്പെട്ടെന്നും വോട്ടർപട്ടികയിൽ കൃത്രിമം നടന്നെന്നും അദ്ദേഹം എക്സിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും വേണ്ടി പ്രവർത്തിക്കുന്ന രീതിയിലാണ് തെരഞ്ഞെടുപ്പ് കമീഷനെ നിയമിച്ചതെന്നും ഭൂഷൺ ആരോപിച്ചു.

“യുവാക്കൾ തെരുവിലാണ്. പലരും ജയിലിലുമാണ്. ജനാധിപത്യത്തിനെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ തെരുവിലിറങ്ങേണ്ട സമയം വന്നിരിക്കുന്നു,” ഭൂഷൺ ആഹ്വാനം ചെയ്തു. ഒക്ടോബർ 14ന് വിദ്യാർഥി, യുവജന, കർഷക, തൊഴിലാളി, വനിതാ, ദലിത്, ആദിവാസി, ന്യൂനപക്ഷ, ഭിന്നശേഷി, ട്രാൻസ്‌ജെൻഡർ സംഘടനകൾ ചേർന്നാണ് ‘പീപ്പിൾ എഗെയ്ൻസ്റ്റ് എസ്.ഐ.ആർ’ കൂട്ടായ്മ രൂപീകരിച്ചതെന്നും ഭൂഷൺ വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ 11ന് ഹിമാചൽ പ്രദേശിലെ പാലംപൂരിലും മാർച്ച് നടത്തുമെന്ന് ഭൂഷൺ അറിയിച്ചു. അവിടെയുള്ള പ്രതിഷേധത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവരോട് സിവിൽ ആശുപത്രിക്കു സമീപം ഒത്തുചേരാനാണ് നിർദേശം.

Tags:    
News Summary - Anti-SIR March Tomorrow; CJP’s Dipke, Neha Bora Invited To Join Protest Against Gyanesh Kumar, Revised Voter R

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.