വന്ദേമാതരത്തിനും ജനഗണമനക്കും തുല്യ പദവി നൽകണം; ഡൽഹി ഹൈകോടതിയിൽ ഹരജി

ന്യൂഡൽഹി: ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ചരിത്രപരമായ പങ്ക് വഹിച്ച 'വന്ദേമാതരം' കവിതയെ 'ജനഗണമന'ക്കൊപ്പം തുല്യമായി ആദരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകയുമായ അശ്വിനി ഉപാധ്യായ പൊതുതാൽപര്യ ഹരജി നൽകി. സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവൃത്തി ദിവസങ്ങളിൽ 'വന്ദേമാതരം' ആലപിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സർക്കാർ നിർദേശം നൽകണമെന്നും ഹരജിയിൽ പറഞ്ഞു. 'വന്ദേമാതരം' നമ്മുടെ ചരിത്രത്തിന്റെയും പരമാധികാരത്തിന്റെയും ഐക്യത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമാണെന്നും ഹരജിയിലുണ്ട്.

"ഏതെങ്കിലും പൗരൻ പ്രത്യക്ഷമായോ രഹസ്യമായോ തന്‍റെ പ്രവൃത്തിയിലൂടെ അനാദരവ് കാണിക്കുകയാണെങ്കിൽ അത് ഒരു സാമൂഹിക വിരുദ്ധ പ്രവർത്തനം മാത്രമല്ല, ഒരു പരമാധികാര രാഷ്ട്രത്തിന്റെ പൗരൻ എന്ന നിലയിലുള്ള നമ്മുടെ എല്ലാ അവകാശങ്ങൾക്കും നിലനിൽപ്പിനും നാശം വരുത്തുകയും ചെയ്യും. അതുകൊണ്ട് ഓരോ പൗരനും അത്തരം പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുക മാത്രമല്ല, 'വന്ദേമാതരത്തോട്' എന്തെങ്കിലും അനാദരവ് കാണിക്കാൻ ശ്രമിച്ചാൽ അത് തടയാൻ പരമാവധി ശ്രമിക്കുകയും വേണം. നമ്മുടെ രാഷ്ട്രം, ഭരണഘടന, ദേശീയ ഗാനം, ദേശീയ പതാക എന്നിവയിൽ അഭിമാനിക്കുകയും നമ്മുടെ വ്യക്തിപരമായ താൽപ്പര്യങ്ങൾക്ക് മുകളിൽ രാജ്യത്തിന് പ്രാധാന്യം നൽകുകയും വേണം. എങ്കിൽ മാത്രമേ നമുക്ക് നമ്മുടെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാൻ കഴിയൂ. അത് എക്സിക്യൂട്ടീവിന്റെ കടമയാണ്. 'വന്ദേമാതരം' പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ഒരു ദേശീയ നയം രൂപപ്പെടുത്തേണ്ടതാണ്." ​​-ഹരജിയിൽ പറഞ്ഞു.

ബ്രിട്ടീഷുകാരിൽ നിന്നുള്ള സ്വാതന്ത്ര്യത്തിന് മുഴുവൻ രാജ്യത്തിന്റെയും ചിന്തയും മുദ്രാവാക്യവുമാണ് 'വന്ദേമാതരം' എന്ന് പൊതുതാൽപര്യ ഹരജിയിൽ പരാമർശിച്ചു. ഒരു ഘട്ടത്തിൽ പൊതുസ്ഥലങ്ങളിൽ 'വന്ദേമാതരം' ഉച്ചരിക്കുന്നത് ബ്രിട്ടീഷുകാർ നിരോധിക്കുകയും അനുസരിക്കാത്തതിന് നിരവധിയാളുകളെ ജയിലിലടക്കുകയും ചെയ്തിരുന്നുവെന്നും അശ്വിനി ഹരജിയിൽ പറഞ്ഞു. വന്ദേമാതരത്തിൽ പ്രകടിപ്പിക്കുന്ന വികാരങ്ങൾ രാജ്യത്തിന്റെ സ്വഭാവത്തെയും ശൈലിയെയും സൂചിപ്പിക്കുന്നുവെന്നും ദേശീയഗാനത്തോട് സമാനമായ ബഹുമാനം അർഹിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

'വന്ദേമാതരം' ആലപിക്കുന്നത് അനുവദനീയമല്ലാത്തതും നിയമപരമായി ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതുമായ സാഹചര്യങ്ങളിലാണ്. 'വന്ദേമാതരം' വായിക്കുമ്പോഴോ പാടുമ്പോഴോ ആദരവ് പ്രകടിപ്പിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണെന്നും ഹരജിയിൽ പറയുന്നു.

Tags:    
News Summary - PIL in Delhi HC seeks equal status to 'Vande Mataram' with 'Jana Gana Mana'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.