പൊലീസ് അതിക്രമത്തിന്‍റെ ചിത്രം പകർത്തിയ ഫോട്ടോജേണലിസ്റ്റിന് നേരെ ആക്രമണം; കേസെടുക്കാതെ യു.പി പൊലീസ്

ന്യൂഡൽഹി: കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച കർഷകർക്ക് നേരെ പൊലീസ് നടത്തിയ അതിക്രമത്തിന്‍റെ അടയാളമായി മാറിയത് ഒരു ചിത്രമാണ്. വയോധികനായ കർഷകനെ പാരാമിലിറ്ററി ഉദ്യോഗസ്ഥൻ മർദിക്കുന്ന ആ ദൃശ്യം സമരത്തിന്‍റെ തന്നെ പ്രതീകമായി മാറി. ആ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർക്ക് നേരെ ആക്രമണം നടന്നിരിക്കുകയാണ്.

പി.ടി.ഐ ഫോട്ടോജേണലിസ്റ്റും ഡൽഹി സ്വദേശിയുമായ രവി ചൗധരിക്കാണ് മർദനമേറ്റത്. കേന്ദ്ര സർക്കാർ മുദ്രയുള്ള ബൊലേറോ ജീപ്പിലെത്തിയ സംഘം തന്നെ അക്രമിച്ചതായി ഇദ്ദേഹം ട്വീറ്റ് ചെയ്തു. അക്രമികൾ സഞ്ചരിച്ച വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ സഹിതം പരാതി നൽകിയിട്ടും ഉത്തർപ്രദേശിലെ മുറാദ് നഗർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്ന് രവി ചൗധരി ട്വീറ്റ് ചെയ്തു.

'ബൈക്കിൽ പോവുകയായിരുന്ന എന്നെ ഗംഗ കനാൽ റോഡിൽ വെച്ച് അഞ്ചാറു പേർ അക്രമിച്ചു. UP 14 DN 9545 എന്ന നമ്പറിലുള്ള ബൊലേറോ കാറിൽ 'ഭാരത് സർക്കാർ' എന്നെഴുതിയിരുന്നു. മുറാദ്‌നഗർ പൊലീസ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചു. ഇനിയെന്ത് ചെയ്യണം?' -രവി ചൗധരി ട്വീറ്റ് ചെയ്തു.


ഡൽഹി അതിർത്തിയിൽ സമാധാനപരമായി സമരം ചെയ്യുന്ന പഞ്ചാബിൽ നിന്നുള്ള വൃദ്ധകർഷകനെ പാരാമിലിറ്ററി ഉദ്യോഗസ്ഥൻ ലാത്തി കൊണ്ട് നേരിടുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നവംബർ അവസാനവാരത്തിൽ രവി ചൗധരി പകർത്തിയ ചിത്രം അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചു. കർഷകരെ കേന്ദ്രസർക്കാർ ഉരുക്കുമുഷ്ടി കൊണ്ടാണ് നേരിടുന്നതെന്ന് പ്രതിപക്ഷകക്ഷികൾ വിമർശിക്കുകയും ചെയ്തു.

ഫോട്ടോയിലുള്ള പാരാമിലിറ്ററി ഉദ്യോഗസ്ഥൻ കർഷകനെ മർദിച്ചിട്ടില്ലെന്ന് സ്ഥാപിക്കാനായി ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യ വ്യാജ വിഡിയോ പ്രചരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് വ്യാജമാണെന്ന് ട്വിറ്റർ വ്യക്തമാക്കി. വിഡിയോയിൽ നിന്ന് തനിക്ക് ആവശ്യമുള്ള ഭാഗം മാത്രം എടുക്കുകയാണ് മാളവ്യ ചെയ്തതെന്നും പൊലീസ് മർദനത്തിൽ തനിക്ക് പരിക്കേറ്റതായി വൃദ്ധൻ വ്യക്തമാക്കിയതായും ബൂംലൈവിനെ ഉദ്ധരിച്ച് ട്വിറ്റർ വ്യക്തമാക്കിയിരുന്നു.




മുമ്പ് ന്യൂ ഇന്ത്യൻസ് എക്‌സ്പ്രസ്, ഹിന്ദുസ്ഥാൻ ടൈംസ് എന്നീ മാധ്യമങ്ങളിൽ ഫോട്ടോഗ്രാഫറായിരുന്നു ആക്രമണത്തിനിരയായ രവി ചൗധരി. വൈറലായ ഫോട്ടോയും ആക്രമണവും തമ്മിൽ ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.