മുഖ്യമന്ത്രി സി​ദ്ധ​രാ​മ​യ്യ

കർണാടക കോൺഗ്രസിലെ അധികാര തർക്കം; ഹൈകമാൻഡിന്‍റെ ഉച്ചഭക്ഷണം അവഗണിച്ച് സിദ്ധരാമയ്യ

ബംഗളൂരു: തലസ്ഥാനത്ത് കോൺഗ്രസ് ഹൈകമാൻഡ് സംഘടിപ്പിച്ച ഉച്ചഭക്ഷണ പരിപാടിയിൽനിന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വിട്ടുനിന്നു. കർണാടക കോൺഗ്രസിൽ അധികാര തർക്കം തുടരുന്നതിനിടെ രാംലീല മൈതാനത്ത് നടക്കുന്ന മെഗാ വോട്ട് ചോരി റാലിയുടെ മുന്നോടിയായി കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗങ്ങൾക്കും മറ്റ് മുതിർന്ന നേതാക്കൾക്കും വേണ്ടി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഇന്ദിര ഭവനിൽ ഉച്ചക്ക് ഒരുമണിക്ക് ഭക്ഷണം ഒരുക്കിയിരുന്നു.

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങി മുതിർന്ന നേതാക്കൾ പങ്കെടുത്തു. ഷെഡ്യൂൾ പ്രകാരം ഞായറാഴ്ച രാവിലെ 10ന് ബംഗളൂരുവിലെ എച്ച്.എ.എൽ വിമാനത്താവളത്തിൽനിന്ന് ചാർട്ടേഡ് വിമാനത്തിലാണ് മുഖ്യമന്ത്രി ഡൽഹിയിലേക്ക് പുറപ്പെട്ടത്. ഉച്ചക്ക് 12.30ന് ഡൽഹിയിൽ ഇറങ്ങേണ്ട വിമാനം പുറപ്പെടാൻ വൈകിയതിനാൽ ഉച്ചക്ക് ഒരു മണിക്കാണ് ലാൻഡ് ചെയ്തത്. രണ്ടുമണിയോടെ കർണാടക ഭവനിൽ എത്തിയ മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിനുശേഷം നേരെ രാംലീല മൈതാനത്ത് നടന്ന റാലിയിലേക്ക് പോയി.

പരിപാടിക്കുശേഷം വൈകീട്ട് 5.15 ഓടെ പ്രത്യേക വിമാനത്തിൽ ബെലഗാവിയിലേക്ക് തിരിച്ചു. നേതാക്കളുമായി കൂടിക്കാഴ്ച നടത്താതെയാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. ഉച്ചവിരുന്നില്‍നിന്ന് വിട്ടുനിന്നത് പ്രതിഷേധ സൂചകമായിട്ടായിരിക്കാമെന്ന് ഡല്‍ഹിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. തലസ്ഥാനത്ത് ശനിയാഴ്ച എത്തിയ ശിവകുമാർ ഉച്ചഭക്ഷണസമയത്ത് മറ്റ് നേതാക്കളുമായി സജീവ ചർച്ച നടത്തുകയും കർണാടകയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയെ കാണുകയും ചെയ്തു.

ഈ മാസം ആദ്യം കോൺഗ്രസ് ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) കെ.സി. വേണുഗോപാൽ മംഗളൂരുവിൽ സിദ്ധരാമയ്യയുമായി അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് സോണിയ ഗാന്ധി കർണാടകയിലെ സംഭവവികാസങ്ങൾ ഉന്നത നേതാക്കളുമായി ചർച്ച ചെയ്തു. നേതൃമാറ്റം സംബന്ധിച്ച കാര്യങ്ങൾ ഹൈകമാൻഡ് വിശദമായി ചർച്ച ചെയ്യുമെന്ന് വേണുഗോപാൽ പറഞ്ഞു.

Tags:    
News Summary - Power struggle in Karnataka Congress; Siddaramaiah ignores high command's lunch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.