നിരോധന സാധുത അംഗീകരിച്ചുകിട്ടാൻ സർക്കാർ ട്രൈബ്യൂണലിലേക്ക്

ന്യൂഡൽഹി: പോപുലർ ഫ്രണ്ട് അടക്കം ഒമ്പതു സംഘടനകളെ നിരോധിച്ചതിന്‍റെ സാധുത അംഗീകരിച്ചുകിട്ടാൻ കേന്ദ്രസർക്കാർ 30 ദിവസത്തിനകം ട്രൈബ്യൂണലിനെ സമീപിക്കും. ആഭ്യന്തര മന്ത്രാലയ നടപടി പരിശോധിച്ച് ആറു മാസത്തിനകം ട്രൈബ്യൂണൽ തീർപ്പുകൽപിക്കണമെന്നാണ് യു.എ.പി.എ നിയമവ്യവസ്ഥ. ഇതിനിടെ, നിരോധനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കാമ്പസ് ഫ്രണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഗസറ്റ് വിജ്ഞാപനം വഴി നിരോധനം ഉടനടി പ്രാബല്യത്തിൽ കൊണ്ടുവന്നെങ്കിലും, നിരോധിക്കാൻ തക്കതായ കാരണങ്ങളുണ്ടോ എന്ന് ട്രൈബ്യൂണൽ വിലയിരുത്തും. സർക്കാർ ട്രൈബ്യൂണലിനെ സമീപിച്ചശേഷം, നിരോധിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിരോധിത സംഘടനകൾക്ക് 30 ദിവസത്തെ സമയം നൽകും.

തുടർന്ന്, നിരോധനത്തിന് എതിരായ പരാതികളിൽ കഴമ്പുണ്ടോ എന്ന് വിലയിരുത്തും. കൂടുതൽ വിവരങ്ങൾ സർക്കാറിനോടും സംഘടന ഭാരവാഹികളോടും ആവശ്യപ്പെടാം. എന്നാൽ, സാധാരണ നിലയിൽ സർക്കാർ വാദങ്ങൾ ശരിവെക്കുകയാണ് പതിവ്.

ഹൈകോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിലാണ് യു.എ.പി.എ ട്രൈബ്യൂണൽ രൂപവത്കരിക്കുക. ഈ ട്രൈബ്യൂണലിന് നിരോധന അനുകൂല-പ്രതികൂല വാദങ്ങൾ വിലയിരുത്താൻ ഇന്ത്യയിൽ എവിടെയും സിറ്റിങ് നടത്തി അഭിപ്രായം കേൾക്കാം. അതിനു ശേഷമാണ് നിരോധനം സ്ഥിരപ്പെടുത്തുന്ന കാര്യത്തിൽ ട്രൈബ്യൂണൽ വിധിപറയുക. സ്ഥിരപ്പെടുത്തിയ നിരോധനം അഞ്ചുവർഷ കാലാവധി തീരുന്ന മുറക്ക് വീണ്ടും നീട്ടാൻ കേന്ദ്രസർക്കാറിന് അധികാരമുണ്ട്.

നിരോധിത സംഘടനയുമായി ബന്ധപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിലെ പണം അടക്കം സ്ഥാവര-ജംഗമ സ്വത്തുക്കൾ മരവിപ്പിക്കാൻ യു.എ.പി.എ നിയമം കേന്ദ്രത്തിന് അധികാരം നൽകുന്നുണ്ട്.

ഇത്തരമൊരു വിലക്കിനോട് എതിർപ്പുള്ളവർക്ക് 14 ദിവസത്തിനകം ജില്ല കോടതിയിൽ പരാതിപ്പെടാം. നിരോധിത സംഘടനക്കുവേണ്ടി സ്വന്തം ആസ്തി വിനിയോഗിച്ചിട്ടില്ലെന്ന് തെളിയിക്കണം.

പരാതി പരിശോധിച്ച് കോടതി തീരുമാനമെടുക്കും.ജില്ല മജിസ്ട്രേറ്റോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റൊരു ഓഫിസറോ രണ്ടു സാക്ഷികളുടെ സാന്നിധ്യത്തിലാണ് സ്ഥാവര-ജംഗമ സ്വത്തിന്‍റെ കണക്കെടുക്കുക. അതിൽ ഏതെങ്കിലും ആസ്തി നിയമവിരുദ്ധ പ്രവർത്തനത്തിന് വിനിയോഗിച്ചതായി ജില്ല മജിസ്ട്രേറ്റ് കരുതുന്നുവെങ്കിൽ ഇടപാടുകൾ മരവിപ്പിക്കും

ഇന്ത്യയിൽ യു.എ.പി.എ പ്രകാരം 13 സംഘടനകളെയാണ് ഇതുവരെ നിരോധിച്ചത്. നിരോധിച്ച സംഘടനകളെല്ലാം ഭീകര സംഘടനകളുടെ പട്ടികയിൽ പെടില്ല. ഭീകര സംഘടനകളുടെ പട്ടികയിൽ 42 സംഘടനകളുണ്ട്.

Tags:    
News Summary - PFI Ban; central government will approach the tribunal within 30 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.