ബംഗളൂരു: ടിപ്പു സുൽത്താന്റെ കാലത്ത് പണിത ചരിത്രപ്രസിദ്ധമായ ശ്രീരംഗപട്ടണം ടൗൺ ജുമാ മസ്ജിദിനോട് ചേർന്ന് പ്രവർത്തിക്കുന്ന റസിഡൻഷ്യൽ മദ്റസക്ക് (ദർസ്) എതിരെ കർണാടക ഹൈകോടതിയിൽ ഹരജി. പ്രസ്തുത ഹരജി ഫയലിൽ സ്വീകരിച്ച കോടതി വ്യാഴാഴ്ച കേന്ദ്ര, കർണാടക സർക്കാറുകൾക്ക് നോട്ടീസ് അയച്ചു.
മാണ്ഡ്യ ജില്ലയിലെ കനകപുര സ്വദേശി അഭിഷേക് ഗൗഡയുടെ പൊതുതാൽപര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് പി.ബി. വറലെ, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് എന്നിവരുടെ ബെഞ്ച് കേന്ദ്ര സാംസ്കാരിക മന്ത്രാലയം, കേന്ദ്ര പുരാവസ്തു വകുപ്പ് ഡയറക്ടർ ജനറൽ, കർണാടക റവന്യൂ വകുപ്പ്, മാണ്ഡ്യ ജില്ല ഡെപ്യൂട്ടി കമീഷണർ എന്നിവർക്ക് നോട്ടീസ് അയച്ചത്.
പള്ളിയോട് ചേർന്ന മദ്റസയിൽ അറുപതോളം വിദ്യാർഥികൾ താമസിച്ചു പഠിക്കുകയും പാചകം നടത്തുകയും ചെയ്യുന്നതായി ഹരജിയിൽ ആരോപിച്ചു.അനുബന്ധമായി പണിത അനധികൃത കെട്ടിടങ്ങളിൽ ശുചിമുറികൾ, കുളിമുറികൾ, അടുക്കള, അതിഥിമുറി എന്നിവ പ്രവർത്തിക്കുന്നു. നനഞ്ഞ വസ്ത്രങ്ങൾ പുറത്താണ് ഉണക്കാനിടുന്നത്. വിനോദസഞ്ചാര കേന്ദ്രംകൂടിയായ ചരിത്രസ്മാരകത്തിൽ ഇത് ഭൂഷണമല്ല. 1958ലെ പുരാവസ്തു സംരക്ഷണ നിയമത്തിലെ ഏഴ്, എട്ട്, 16 സെക്ഷനുകളുടെ ലംഘനമാണിതെന്ന് ഹരജിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.