ന്യൂഡൽഹി: നഗരത്തിലെ ചില പള്ളികൾ പട്ടികയിൽ ഉൾക്കൊള്ളിച്ച് 46 വർഷം മുമ്പ് ഇറക്കിയ വഖഫ് വിജ്ഞാപനം ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഡൽഹി ഹൈകോടതി തള്ളി. പതിറ്റാണ്ടുകൾക്കുമുമ്പ് തീർപ്പായ പ്രശ്നങ്ങൾ കുത്തിപ്പൊക്കാനുള്ള അനാവശ്യ ശ്രമമാണ് ഹരജിയെന്ന് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായയും ജസ്റ്റിസ് തേജസ് കരിയയും അടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു. വഖഫ് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി ഒരു വർഷം കഴിഞ്ഞാൽ അത് ചോദ്യം ചെയ്യാൻ കഴിയില്ലെന്ന 1954 ലെ മുസ്‍ലിം വഖഫ് നിയമത്തിലെ 6 (1) വകുപ്പിന്‍റെ അനുബന്ധ വ്യവസ്ഥ വ്യക്തമാക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജഹാംഗീർ പുരിയിലെ ജമാ മസ്ജിദ് ഉൾപ്പെടെ മൂന്ന് പള്ളികൾ സുന്നി വഖഫ് സ്വത്തായി ലിസ്റ്റ് ചെയ്തതിനെയാണ് ഹരജിക്കാരൻ ചോദ്യം ചെയ്തത്. എന്നാൽ, 1980 ൽ ഇറക്കിയ വിജ്ഞാപനം ചോദ്യം ചെയ്യുന്ന റിട്ട് ഹരജി അനുവദനീയമല്ലെന്ന് വഖഫ് ബോർഡിന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അതിനോട് യോജിച്ച കോടതി 46 വർഷം മുമ്പ് ഇറക്കിയ വിജ്ഞാപനം ദുർബലമായ വാദങ്ങളുമായി ചോദ്യം ചെയ്യുന്നത് അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി. സംസ്ഥാന സർക്കാർ നൽകിയ റിപ്പോർട്ട് പരിശോധിച്ച് വഖഫ് കമീഷണർ അന്വേഷണം നടത്തിയ ശേഷമാണ് വിജ്ഞാപനം ഇറക്കിയതെന്ന് കോടതി വിശദമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.